ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന് കളിക്കാനായില്ല. പരിശീലനത്തിനിടെ സംഭവിച്ച് പരിക്കിനെ തുടര്‍ന്നാണ് സ്മിത്തിനെ ആദ്യ ഏകദിനത്തില്‍ നിന്ന് ഒഴിവാക്കിയത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ സ്മിത്ത് കളിക്കുമോ എന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റ് ഉറപ്പ് പറഞ്ഞിട്ടില്ല.
മത്സരത്തിനു മുമ്പുള്ള പരിശീലനത്തിനിടെ ഓസ്‌ട്രേലിയന്‍ കോച്ചിംഗ് സ്റ്റാഫിലെ ഒരാള്‍ എറിഞ്ഞ പന്ത് നെറ്റ്‌സില്‍ വെച്ച് സ്മിത്തിന്റെ തലയില്‍ തട്ടുകയായിരുന്നു. ഇതോടെ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്ക് സ്മിത്തിനെ ആദ്യ ഏകദിനത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
ഒന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയ 19 റണ്‍സിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 275 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് മിച്ചല്‍ മാര്‍ഷ്(73), ഗ്ലെന്‍ മാക്സ്വെല്‍ (77), മാര്‍ക്കസ് സ്റ്റോയ്ന്സ് (43) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.