വനിതാ പ്രീമിയര്‍ ലീഗിന് (WPL) 2024 ന് മുന്നോടിയായുള്ള ‘ബോള്‍ഡ് ഡയറീസ്’ പരമ്പരയിലേക്ക് സ്റ്റാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (ആര്‍സിബി) സ്വാഗതം ചെയ്തു. ഇടംകൈയന്‍ ബാറ്ററായ സ്മൃതി മന്ദാനയ്ക്കൊപ്പമുള്ള ’18 ചോദ്യങ്ങള്‍’ എന്ന തലക്കെട്ടിലുള്ള സജീവമായ ചോദ്യോത്തര സെഷനില്‍ താരം തന്റെ കരിയര്‍, പ്രചോദനങ്ങള്‍, വ്യക്തിപരമായ അനുഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ പങ്കിട്ടു.
തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങള്‍ ആരാണെന്ന ചോദ്യത്തിന്, കുമാര്‍ സംഗക്കാരയെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും പരാമര്‍ശിച്ച് മന്ദാന, രണ്ട് കളിക്കാരോടും ആദരവ് പ്രകടിപ്പിച്ചു. ‘വിരാട് കോഹ്ലിയെ എങ്ങനെ നിര്‍വ്വചിക്കുന്ന എന്ന ചോദ്യത്തിന് ‘റണ്‍-മെഷീന്‍’ എന്നായിരുന്നു മന്ദാനയുടെ മറുപടി.
തന്റെ പിതാവ് തന്നെ സ്‌നേഹപൂര്‍വ്വം ‘ബേബു’ എന്നാണ് വിളിക്കുന്നതെന്ന് ക്രിക്കറ്റ് താരം വെളിപ്പെടുത്തി. ചെറുപ്പത്തില്‍ അവളുടെ പേര് ഉച്ചരിക്കാനുള്ള ബുദ്ധിമുട്ടില്‍ നിന്നാണ് ഈ പേര് വീണതെന്നും താരം വെളിപ്പെടുത്തി. ജൂലൈ 18-ന് ജന്മദിനമായതിനാലാണ് ജേഴ്‌സി നമ്പര്‍ 18 എന്നും താരം പറഞ്ഞു.
കഴിഞ്ഞ വനിതാ പ്രീമിയര്‍ ലീഗില്‍ 111.19 സ്ട്രൈക്ക് റേറ്റിലും 18.62 ശരാശരിയിലും ആര്‍സിബിക്ക് വേണ്ടി 8 മത്സരങ്ങളില്‍ നിന്ന് 149 റണ്‍സ് മാത്രമാണ് മന്ദാന നേടിയത്.