ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി സ്മൃതി മന്ദാന. അയര്‍ലന്‍ഡ് വനിതകള്‍ക്കെതിരെ രാജ്‌കോട്ടില്‍ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് മന്ദാന ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ 29 പന്തില്‍ 41 റണ്‍സ് നേടിയാണ് മന്ദാന റെക്കോര്‍ഡ് തിരുത്തിയത്.
95 ഇന്നിംഗ്‌സുകളില്‍നിന്ന് 4000 റണ്‍സ് തികച്ചാണ് സ്മൃതി ഈ നേട്ടം സ്വന്തമാക്കിയത്. 112 ഇന്നിംഗ്‌സുകളില്‍ 4000 റണ്‍സ് തികച്ച ഇതിഹാസ താരം മിഥാലി രാജിന്റെ റെക്കോഡാണ് മന്ദാന പഴങ്കഥയാക്കിയത്. ഏകദിന ക്രിക്കറ്റില്‍ 4000 റണ്‍സ് നേടുന്ന 15 മത്തെ താരവും വേഗമേറിയ മൂന്നാമത്തെ ബാറ്ററുമാണ് സ്മൃതി ഇപ്പോള്‍.
അതേസമയം, അയര്‍ലന്‍ഡിന് എതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചുകയറി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് നിശ്ചിത 50 ഓവറുകളില്‍ 238/7 എന്ന സ്‌കോര്‍ നേടിയപ്പോള്‍, ഇന്ത്യ വെറും 34.3 ഓവറുകളില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ ലീഡെടുത്തു.