IPL 2025: അപ്പോൾ ആ കാര്യത്തിനൊരു തീരുമാനമായി, പരിക്കിന്റെ കാര്യത്തിൽ അപ്ഡേറ്റ് നൽകി സഞ്ജു സാംസൺ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ തോൽവിക്ക് ശേഷം രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ തന്റെ വാരിയെല്ലിന് വന്ന പരിക്കേറ്റതിനെക്കുറിച്ച് ഒരു അപ്‌ഡേറ്റ് നൽകി. ഇന്നലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. നന്നായി ബാറ്റ് ചെയ്ത് ടീമിന്റെ മുന്നേറ്റത്തിന് സഹായിക്കുന്നതിനിടെ കേരള താരത്തിന് പരിക്ക് പറ്റുക ആയിരുന്നു. 3 സിക്‌സും 2 ബൗണ്ടറിയും സഹിതം 19 പന്തിൽ 31 റൺ എടുത്ത് നിന്ന സഞ്ജു ഡൽഹി സ്പിന്നർ വിപ്രാജ് നിഗത്തിന്റെ ഓവർ കളിക്കുന്നതിനിടെയാണ് പരിക്ക് പറ്റിയത്. താരം എറിഞ്ഞ കളിയുടെ ആറാം ഓവറിൽ സഞ്ജു ആദ്യ പന്തിൽ ബൗണ്ടറിയും രണ്ടാം പന്തിൽ സിക്‌സും നേടി വലിയ ഓവർ ലക്ഷ്യമിടുക ആയിരുന്നു.

എന്നാൽ ഓവറിന്റെ മൂന്നാം പന്തിൽ വലിയ ഒരു ഷോട്ട് കളിക്കാൻ ശ്രമിച്ച സഞ്ജുവിന് ടൈമിംഗ് പിഴച്ചു. പന്ത് മിസ് ആയതിന്,, തൊട്ടുപിന്നാലെ ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ താരത്തിന്റെ വാരിയെല്ലിന് പരിക്ക് പറ്റുക ആയിരുന്നു. വേദന കൊണ്ട് പുളഞ്ഞ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനെ ചികിൽസിക്കാൻ ഫിസിയോ എത്തി. അവർ താരത്തിന് ചികിത്സ നൽകി. എന്നിരുന്നാലും എല്ലാം ഒകെ ആയി എന്ന് വിചാരിച്ച സമയത്ത് ഒരു പന്ത് കൂടി കളിച്ചതിന് ശേഷം വീണ്ടും വേദന അനുഭവപ്പെട്ട സഞ്ജു പുറത്തേക്ക് നടക്കുക ആയിരുന്നു. ഇതോടെ റിട്ടയേർഡ് ഹർട്ട് ആയ താരത്തിന് പകരം പരാഗ് ബാറ്റിംഗിന് എത്തി.

എന്തുകൊണ്ടാണ് താൻ ബാറ്റിംഗിന് വീണ്ടും ഇറങ്ങാതെ ഇരുന്നത് എന്നും തനിക്ക് എന്താണ് പ്രശ്നം എന്നും സഞ്ജു സാംസൺ മത്സരശേഷം പറഞ്ഞിരിക്കുകയാണ്.

“പരിക്ക് പ്രശ്നം ഉള്ളതല്ല. തിരിച്ചുവന്ന് ബാറ്റ് ചെയ്യാൻ ഞാൻ തയ്യാറായിരുന്നില്ല. ഇപ്പോൾ കുഴപ്പമില്ലെന്ന് തോന്നുന്നു. നാളെ ഞങ്ങൾ അത് നിരീക്ഷിച്ച് കാര്യങ്ങൾ എങ്ങനെയാണെന്ന് നോക്കാം.

“ഞങ്ങൾ വളരെ നന്നായി പന്തെറിഞ്ഞു. അവർ ഞങ്ങളെ ശക്തമായി ആക്രമിച്ച ഘട്ടങ്ങളുണ്ടായിരുന്നു. ഞങ്ങളുടെ ബൗളർമാർക്കും ഫീൽഡർമാർക്കും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഗ്രൗണ്ടിലെ ഊർജ്ജം അതിശയകരമായിരുന്നു. ഞങ്ങളുടെ ബാറ്റിംഗ് ലൈനപ്പ് കണക്കിലെടുക്കുമ്പോൾ ആ സ്കോർ പിന്തുടരാവുന്നതാണെന്ന് ഞാൻ കരുതി. പവർപ്ലേയിൽ ഞങ്ങൾക്ക് ലഭിച്ച തുടക്കം അവസാനം മുതലാക്കാനായില്ല.”

Read more

അതേസമയം ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസ് ആവേശ ജയം സ്വന്തമാക്കി. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ 2 പന്തുകൾ ബാക്കി നിർത്തി ഡൽഹി വിജയലക്ഷ്യം മറികടന്നു. സൂപ്പർ ഓവറിൽ 12 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഡൽഹിയ്ക്ക് വേണ്ടി കെ.എൽ രാഹുൽ 7 റൺസുമായും ട്രിസ്റ്റൻ സ്റ്റബ്സ് 6 റൺസുമായും പുറത്താകാതെ നിന്നു. ജയം ഉറപ്പിച്ച മത്സരത്തിൽ അവസാന നിമിഷത്തെ അലസതയാണ് രാജസ്ഥാനെ തളർത്തിയതും തോൽപ്പിച്ചതും.