അങ്ങനെ അവൻ ഇപ്പോൾ ടീമിനെ നയിക്കേണ്ട, പുതിയ ക്യാപ്റ്റന്റെ പേരിൽ ഗംഭീർ - അഗർക്കാർ ഉടക്ക്; തമ്മിലടി അതിരൂക്ഷം

രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയും ബാറ്റിംഗ് വെടിക്കെട്ടും ഒന്നും നമുക്ക് ഇനി ഒരുപാട് കാലം ആസ്വദിക്കാൻ പറ്റില്ല എന്ന് ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്. സീനിയർ താരങ്ങൾ അടക്കം മോശം ഫോമിൽ തുടരുന്ന സാഹചര്യത്തിൽ ടീമിൽ ഒരു അഴിച്ചുപണിയാണ് ഇനി സെലെക്ടർമാരുടെ ലക്ഷ്യം. 2025ൽ പാക്കിസ്ഥാനിലും ദുബായിലും നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചേക്കും.

ദൈനിക് ജാഗരൻ്റെ റിപ്പോർട്ട് അനുസരിച്ച്, ടീമിൻ്റെ പുതിയ നായകനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഹെഡ് കോച്ച് ഗൗതം ഗംഭീറും അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയും തമ്മിൽ തർക്കങ്ങൾ നടക്കുന്നു. തൻ്റെ പിൻഗാമിയെ കണ്ടെത്തണമെന്നും അവരുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും രോഹിത് സെലക്ടർമാരോട് പറഞ്ഞിട്ടുണ്ട്. ഐസിസി ടൂർണമെൻ്റ് വരെ രോഹിത് തുടരും. ഒരു അവലോകന യോഗത്തിൽ, രോഹിത്തിന് പകരമായി ജസ്പ്രീത് ബുംറയുടെ സാധ്യത ചർച്ച ചെയ്യപ്പെട്ടു, കൂടാതെ ശക്തനായ ഒരു വൈസ് ക്യാപ്റ്റൻ്റെ ആവശ്യകതയും എടുത്തുകാണിച്ചു. സെലക്ടർമാർ ഋഷഭ് പന്തിന് അനുകൂലമാണെങ്കിലും ഗംഭീർ യശസ്വി ജയ്‌സ്വാളിനെ പിന്തുണയ്ക്കുന്നു.

നേരത്തെ പന്ത് ഇന്ത്യയെ നയിച്ചിട്ടുണ്ടെങ്കിലും ജയ്‌സ്വാളിന് ക്യാപ്റ്റൻസിയിൽ പരിചയമില്ല. സൂര്യകുമാർ യാദവ് T20I കളിൽ ഇന്ത്യൻ ടീമിനെ നയിക്കുമ്പോൾ അവിടെ ഉപനായകൻ എന്ന സ്ഥാനത്തിന് ഇന്ത്യ അത്രത്തോളം പ്രാധാന്യം കൊടുക്കുന്നില്ല. മാത്രമല്ല ടി 20 നായകൻ സൂര്യകുമാർ യാദവിന് ഏകദിനത്തിൽ അത്ര അവസരങ്ങൾ കിട്ടുന്നില്ല.

ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും ടീമിനെ നയിക്കാനുള്ള ശക്തനായ താരം ബുംറയാണ്, എന്നാൽ ബുംറയ്ക്ക് വിശ്രമം നൽകുമ്പോഴോ ശാരീരികക്ഷമതയില്ലാത്ത സാഹചര്യത്തിലോ ക്യാപ്റ്റനായി ചുമതലയേൽക്കാൻ സെലക്ടർമാർക്ക് ഒരു വൈസ് ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടിവരും. ആ സ്ഥാനത്തിന്റെ പേരിലാണ് നിലവിൽ ഗംഭീർ- അഗാർക്കർ തർക്കം നടക്കുന്നത്.