ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ വിരമിക്കൽ സൂചന നൽകിയിരിക്കുകയാണ്. നാളുകൾ ഏറെയായി മികച്ച പ്രകടനം കാഴ്ച വെക്കുന്നതിൽ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. ഇപ്പോൾ കഴിഞ്ഞ ബോഡർ ഗവാസ്കർ ട്രോഫിയിൽ ബോളിങ്ങിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ബാറ്റിംഗിൽ ഒരു ഇന്നിങ്സിൽ മാത്രമാണ് താരത്തിന് തിളങ്ങാനായത്.
ഇതോടെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ നിന്ന് രവീന്ദ്ര ജഡേജയെ ഉൾപ്പെടുത്തില്ല എന്ന റിപ്പോട്ടുകൾ വന്നിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ച് കൊണ്ട് താരം ഇപ്പോൾ വിരമിക്കൽ സൂചന നൽകിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ ടെസ്റ്റ് ടീമിന്റെ ജേഴ്സിയുടെ ചിത്രം ജഡേജ പങ്ക് വെച്ചിരിക്കുകയാണ്.
ഇതോടെ താരം വിരമിക്കാൻ പോകുകയാണോ എന്ന ചോദ്യവുമായി ആരാധകർ രംഗത്ത് എത്തിയിരിക്കുകയാണ്. എന്ത് കൊണ്ടാണ് ജഡേജ ഈ ചിത്രം പങ്ക് വെച്ചത് എന്നത് നിഗൂഢമായ കാര്യമാണ്. ടെസ്റ്റിലും ഏകദിനത്തിലും മോശമായ പ്രകടനം കാരണം അദ്ദേഹം ടീമിൽ നിന്ന് തഴയപ്പെടാനുള്ള സാധ്യത ഉണ്ട്.
കഴിഞ്ഞ വർഷം ടി-20 യിൽ നിന്ന് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ അദ്ദേഹത്തെ ഉൾപെടുത്തിയിട്ടില്ലെങ്കിൽ രവീന്ദ്ര ജഡേജയുടെ ഏകദിന കരിയർ അവസാനിക്കും എന്നതിൽ സംശയമില്ല.