സഞ്ജു സാംസന് ക്യാപ്റ്റൻസിയുടെ ബാലപാഠങ്ങൾ പോലും അറിയില്ല എന്ന് കുറേ മലയാളികൾ തന്നെ പറഞ്ഞുനടക്കുന്നുണ്ട്. എന്തായാലും സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ് 144 റൺസ് എന്ന ചെറിയ ടോട്ടൽ വിജയകരമായി പ്രതിരോധിച്ചിട്ടുണ്ട്. അതും വിരാടും ഡ്യൂപ്ലെസിയും മാക്സ്വെല്ലും കാർത്തിക്കും അടങ്ങുന്ന ബാംഗ്ലൂരിനെതിരെ.
ഈ സീസണിൽ ഇത്രയും ചെറിയ സ്കോർ മറ്റു ടീമുകളൊന്നും പ്രതിരോധിച്ചിട്ടില്ല. തത്കാലത്തേയ്ക്ക് കൈമോശം വന്ന പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനം രാജസ്ഥാൻ തിരിച്ചുപിടിക്കുകയും ചെയ്തു. സഞ്ജു ഒരു മോശം നായകനാണെന്ന് പറയാനുള്ള ധൈര്യം വിരോധികൾക്ക് ഇപ്പോഴുമുണ്ടോ ആവോ?
ബാംഗ്ലൂരിനെതിരെ സഞ്ജു വളരെ ജാഗരൂകനായിരുന്നു. കാർത്തിക്കിൻ്റെ വിക്കറ്റ് വീണതോടെ രാജസ്ഥാൻ്റെ വിജയം ഏതാണ്ട് ഉറപ്പായതാണ്. പക്ഷേ സഞ്ജു അതീവ ഗൗരവത്തോടെ കളി നിയന്ത്രിച്ചു. വിക്കറ്റുകൾ നിലംപൊത്തിയപ്പോഴും അയാൾ ചിരിച്ചില്ല. വിജയം യാഥാർത്ഥ്യമാകുന്നത് വരെ റിലാക്സ് ചെയ്യരുത് എന്ന സന്ദേശം ടീം അംഗങ്ങൾക്ക് നൽകുകയായിരുന്നു നായകൻ.
ഏതാനും ദിവസങ്ങൾക്കുമുമ്പ് നടന്ന ഡെൽഹിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു പ്രദർശിപ്പിച്ച മനോഭാവം ഇതിന് നേർവിപരീതമായിരുന്നു. അന്ന് ഡെൽഹിയ്ക്ക് നല്ല വിജയസാദ്ധ്യതയുണ്ടായിരുന്നു. ആ സമയത്ത് താൻ ചിരിച്ചാൽ ടീമിൻ്റെ ധൈര്യം വർദ്ധിക്കുമെന്ന് സഞ്ജു മനസ്സിലാക്കി. സമ്മർദ്ദം വകവെയ്ക്കാതെ ചിരിച്ച സഞ്ജുവിനോടൊപ്പം രാജസ്ഥാനും ജയിച്ചുകയറി.
സാഹചര്യങ്ങൾക്കനുസരിച്ച് മാറാനുള്ള കഴിവാണ് ഒരു ക്യാപ്റ്റന് വേണ്ടത്. സഞ്ജുവിൽ ആ ഗുണം വേണ്ടുവോളമുണ്ട്. ഹസരംഗയ്ക്കെതിരെ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച് പുറത്തായതിൻ്റെ പേരിൽ സഞ്ജു ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നു. ആ ഷോട്ട് നിരാശപ്പെടുത്തി എന്നത് സത്യമാണ്. പക്ഷേ നാം ഓർക്കേണ്ട ചില കാര്യങ്ങളുണ്ട്.
ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ 33/3 എന്ന നിലയിലായിരുന്നു. പൂനെയിലെ പിച്ചിൽ ബാറ്റിങ്ങ് എളുപ്പമായിരുന്നില്ല. രാജസ്ഥാന് മികച്ച തുടക്കങ്ങൾ നൽകിവന്നിരുന്ന ജോസ് ബട്ലർ കൂടാരത്തിൽ മടങ്ങിയെത്തിയിരുന്നു. ഒരു വൻ തകർച്ചയാണ് ആ സമയത്ത് പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ സഞ്ജു പേടിച്ചുവിറച്ചില്ല. ആദ്യം അയാൾ ടി20യിലെ ഏറ്റവും മികച്ച സ്പിന്നർമാരിലൊരാളായ ഹസരംഗയെ സിക്സും ഫോറും അടിച്ചു. അതിനുപിന്നാലെ ഷഹബാസിൻ്റെ രണ്ട് പന്തുകൾ തുടർച്ചയായി ഗാലറിയിലെത്തി.
എത്ര വിക്കറ്റ് പോയാലും ഞങ്ങൾ ഭയരഹിത ക്രിക്കറ്റ് കളിക്കും എന്ന പ്രസ്താവനയാണ് സഞ്ജു മുന്നോട്ടുവെച്ചത്. പിന്നാലെ വന്ന റിയാൻ പരാഗ് അത് ഏറ്റെടുക്കുകയായിരുന്നു. പരാഗ് കഴിഞ്ഞാൽ രാജസ്ഥാനുവേണ്ടി ഏറ്റവുമധികം റൺസ് നേടിയതും സഞ്ജു തന്നെ. 21 പന്തുകളിൽനിന്ന് 27 റൺസ് മാത്രമാണ് സഞ്ജു സ്കോർ ചെയ്തത്. പക്ഷേ രാജസ്ഥാൻ്റെ അവസ്ഥയും പിച്ചിൻ്റെ സ്വഭാവവും പരിഗണിക്കുമ്പോൾ ആ കാമിയോ വിലപ്പെട്ടതായിരുന്നു.
പരാഗിനെ ടീമിൽ നിലനിർത്തിയതിനാണ് സഞ്ജു ഏറ്റവുമധികം പരിഹസിക്കപ്പെട്ടത്. ആ നിലയ്ക്ക് പരാഗിൻ്റെ മികച്ച പ്രകടനത്തിൻ്റെ ക്രെഡിറ്റും സഞ്ജുവിന് തന്നെ നൽകുന്നതാണ് മര്യാദ. ലോകം മുഴുവനും എതിർത്തപ്പോഴും പരാഗിൻ്റെ പ്രതിഭയെ തിരിച്ചറിഞ്ഞതിന് സഞ്ജു കൈയ്യടികൾ അർഹിക്കുന്നു.
ആർ.സി.ബിയുടെ ബാറ്റിങ്ങ് തുടങ്ങിയപ്പോൾ സഞ്ജു എന്ന നായകൻ ആകാശത്തോളം ഉയർന്നു. ”ഹിറ്റ് ദ ഡെക്ക് ഹാർഡ് ” എന്ന നിർദ്ദേശമാണ് സഞ്ജു കുൽദീപ് സെൻ എന്ന പേസർക്ക് കൊടുത്തത്. പുല്ലുള്ള പിച്ചിൽ അതിൻ്റെ ഗുണഫലങ്ങൾ ലഭിക്കുകയും ചെയ്തു.
മാക്സ്വെൽ പുറത്തായ സമയത്ത് ”ഗുഡ് ക്യാപ്റ്റൻസി” എന്ന കമൻ്റാണ് കളിപറച്ചിലുകാരിൽനിന്ന് കേട്ടത്. പുതിയതായി ക്രീസിലെത്തിയ ബാറ്ററെ സ്ലിപ്പിൽ വലയൊരുക്കി പിടികൂടിയ സഞ്ജുവിൻ്റെ തന്ത്രമാണ് പ്രശംസിക്കപ്പെട്ടത്. പൊതുവെ സഞ്ജുവിലെ നായകനെ പുകഴ്ത്താൻ മടികാണിക്കുന്ന കമൻ്റേറ്റർമാർ പോലും സത്യങ്ങൾ പറഞ്ഞുതുടങ്ങിയിരിക്കുന്നു.
മത്സരശേഷം ആർ.അശ്വിൻ അഭിപ്രായപ്പെട്ടിരുന്നു-”ഈ ടീമിൽ എന്നെപ്പോലുള്ള സീനിയർ താരങ്ങളുണ്ട്. ഞങ്ങളോടൊപ്പം കൊച്ചുപയ്യൻമാരുമുണ്ട്. എല്ലാവരോടും സഞ്ജു നന്നായി ഇടപെടുന്നു. ടീമിനെ ഒന്നിച്ചുനിർത്തി കൊണ്ടുപോകുന്നു. ഡാരിൽ മിച്ചൽ രാജസ്ഥാൻ ടീമിലെ സ്ഥിരാംഗമല്ല. എന്നാൽ ബാംഗ്ലൂരിനെതിരെ മിച്ചൽ പുറത്തെടുത്ത ആവേശം കണ്ടാൽ അയാൾ വർഷങ്ങളായി റോയൽസിനുവേണ്ടി കളിക്കുകയാണെന്ന് തോന്നും. കാർത്തിക് റണ്ണൗട്ടായ സമയത്ത് ചഹലിനെ തോളിൽ ചുമന്ന് ഓടുന്ന മിച്ചലിനെ കണ്ടിരുന്നു.
11 ശരീരങ്ങളും ഒരു മനസ്സും-അതാണ് രാജസ്ഥാൻ ടീം. സഞ്ജു നിർമ്മിച്ചെടുത്ത സ്നേഹത്തിൻ്റെ കൊട്ടാരം!
നായകനുവേണ്ടി എന്തുംചെയ്യാൻ തയ്യാറുള്ള ഒരു പട. തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന തരം ഹിറ്റിങ്ങ് പാടവമുള്ള,തന്ത്രശാലിയായ ഒരു നായകനും. പണ്ട് ഐ.പി.എല്ലിൽ ഒരു മലയാളി കളിക്കുന്നത് തന്നെ മഹാസംഭവമായിരുന്നു. ഇനി മലയാളി ഐ.പി.എൽ കിരീടം ഉയർത്തുന്നത് കാണാനാവുമോ?
നമുക്ക് മോഹിക്കാനുള്ള അവകാശമുണ്ട്. ചെറിയ സ്വപ്നങ്ങൾ കാണരുത് എന്ന് സഞ്ജുവും കൂട്ടാളികളും വിളിച്ചുപറയുന്നുണ്ട്.