വനിതാ ക്രിക്കറ്റില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കാര്യം; ഹര്‍മന്‍പ്രീതിനെതിരെ രൂക്ഷവിമര്‍ശനവുമായി അഫ്രീദി
സ്പോര്‍ട്സ് ഡെസ്ക്
ബംഗ്ലാദേശിന് എതിരായ ഏകദിന മത്സരത്തില്‍ മോശമായി പെരുമാറിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെതിരെ രൂക്ഷവിമര്‍ശനവുമായി പാകിസ്ഥാന് മുന്‍ നായകന് ഷാഹിദ് അഫ്രീദി. വനിതാ ക്രിക്കറ്റില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കാര്യമാണ് ഹര്‍മന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും താരത്തിനെതിരെ ഐസിസി സ്വീകരിച്ച കര്‍ശന നടപടി മറ്റ് താരങ്ങള്‍ക്ക് മുന്നറിയിപ്പാണെന്നും അഫ്രീദി പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ മുമ്പും നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ വനിതാ ക്രിക്കറ്റില്‍ ഇത് കണ്ടിട്ടില്ല. ഐസിസിയുടെ ടൂര്‍ണമെന്റിലെ ഈ പെരുമാറ്റം കടന്നുപോയി. ഹര്‍മനെതിരെ നടപടിയെടുത്തത് ഭാവി താരങ്ങള്‍ക്ക് മുന്നറിയിപ്പാണ്. ക്രിക്കറ്റില്‍ അഗ്രഷന് ആവാം, നിയന്ത്രണത്തോടെയുള്ള അഗ്രഷന് നല്ലതാണ്. എന്നാലിത് എല്ലാ സീമകളും ലംഘിച്ചു- ഷാഹിദ് അഫ്രീദി പറഞ്ഞു.ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ അരങ്ങേറിയ വിവാദ സംഭവങ്ങള്‍ക്ക് പിന്നാലെ ഹര്‍മന്‍പ്രീത് കൗറിനെതിരെ ഐസിസി നടപടി സ്വീകരിച്ചിരുന്നു. താരത്തെ അടുത്ത രണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഐസിസി സസ്പെന്‍ഡ് ചെയ്തു. ഇതോടെ താരത്തിന് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ തുടക്കത്തിലെ രണ്ട് മത്സരങ്ങള്‍ നഷ്ടമാകും.
വിലക്കിന് പുറമേ ഐസിസി മാച്ച് ഫീയുടെ 75 ശതമാനവും പിഴ വിധിച്ചിട്ടുണ്ട്. ലെവല്‍ 2 കുറ്റത്തിന് കൗറിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റുകളും ലഭിച്ചു. പുറമെ പൊതുവിമര്‍ശനവുമായി ബന്ധപ്പെട്ട ലെവല്‍ 1 കുറ്റത്തിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയുമാണ് ചുമത്തിയിരിക്കുന്നത്.