ഓസ്‌ട്രേലിയയ്‌ക്കെതിരായ അഡ്‌ലെയ്ഡ് ഓവലിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 180 റൺ മാത്രം നേടിയാണ് പുറത്തായത്. നിതീഷ് കുമാർ റെഡ്ഡി ഒഴികെ മറ്റ് ബാറ്റർമാർ ക്രീസിൽ വേണ്ടത്ര സമയം ചെലവഴിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയായി എന്ന് പറയാം. കഴിഞ്ഞ മത്സരത്തിൽ ഒരൽപം നിറം മങ്ങിയ മിച്ചൽ സ്റ്റാർക്ക് 6 വിക്കറ്റ് വീഴ്ത്തിയപ്പോൾ പാറ്റ് കമ്മിൻസും സ്കോട്ട് ബോളണ്ടും 2 വിക്കറ്റ് വീതം വീഴ്ത്തി.
ഇരുടീമുകളും തമ്മിലുള്ള കഴിഞ്ഞ ടെസ്റ്റിൽ പെർത്തിൽ വെറും 150 റൺസ് നേടിയിട്ടും ഇന്ത്യക്ക് 44 റൺസിൻ്റെ ലീഡ് നേടാനായിരുന്നു. ഇപ്പോഴിതാ അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യക്ക് ലീഡ് നേടാൻ കഴിയില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. “ഓപ്പണിംഗ് മത്സരത്തെ അപേക്ഷിച്ച് രണ്ടാം ടെസ്റ്റിൽ ബൗളിംഗ് അത്ര മികച്ചതല്ലാത്തതിനാൽ അഡ്‌ലെയ്ഡിൽ ഇന്ത്യക്ക് ലീഡ് നേടാനാകുമെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യൻ ബൗളർമാർ സ്റ്റമ്പ് ട്ടോ സ്റ്റമ്പ് ആയിരുന്നു ആദ്യ മത്സരത്തിൽ കൂടുതലായി എറിഞ്ഞത്. എന്നാൽ ഇന്നലെ അങ്ങനെയുള്ള പന്തുകൾ എറിഞ്ഞത് കുറവായിരുന്നു.” പൂജാര പറഞ്ഞു.
“ഓസ്‌ട്രേലിയൻ ബാറ്റർമാർ നല്ല ആത്മവിശ്വാസത്തിലാണ് ബാറ്റ് ചെയ്യുന്നത്. രണ്ടാം ദിനം തുടക്കത്തിൽ തന്നെ ഓസ്‌ട്രേലിയക്ക് മൂന്നോ നാലോ വിക്കറ്റ് നഷ്ടമായില്ലെങ്കിൽ അവർക്ക് ബാറ്റിംഗിന് നല്ല സാഹചര്യമുണ്ടാകും,” ചേതേശ്വര് പൂജാര പറഞ്ഞു.
അഡ്‌ലെയ്ഡ് ടെസ്റ്റിൻ്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 86/1 എന്ന നിലയിൽ നിൽക്കുകയാണ്.