ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് 2014 ഐപിഎല്‍ സീസണില്‍ ഫൈനലില്‍ എത്തിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ ഭാഗമായിരുന്നു. ലീഗ് ഘട്ടത്തിലുടനീളം അദ്ദേഹത്തിന് കാര്യമായ സ്വാധീനം ഉണ്ടായിരുന്നില്ലെങ്കിലും, വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ക്വാളിഫയര്‍ രണ്ടില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ സെവാഗ് തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു.
വെറും 58 പന്തില്‍ 12 ഫോറുകളും എട്ട് സിക്സും ഉള്‍പ്പെടെ 122 റണ്‍സാണ് സെവാഗ് അടിച്ചുകൂട്ടിയത്. കളിയില്‍ നന്നായി കളിക്കാന്‍ തനിക്ക് ഊര്‍ജ്ജമായത് മകന്റെ വാക്കുകളാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തന്റെ മോശം ഫോമിന്റെ പേരില്‍ മകനെ സ്‌കൂളില്‍ വെച്ച് കുട്ടികള്‍ കളിയാക്കിയെന്നും അതാണ് തനിക്ക് സിഎസ്‌കെയ്‌ക്കെതിരെ സെഞ്ച്വറി നേടാന്‍ പ്രചോദനമായതെന്നും സെവാഗ് വെളിപ്പെടുത്തി.
സിഎസ്‌കെയ്ക്കെതിരേ നേടിയ സെഞ്ച്വറി എനിക്ക് എപ്പോഴും ഏറെ സവിശേഷമായ ഒന്നാണ്. മറക്കാനാവാത്ത നേട്ടമാണിത്. ആ മത്സരത്തിന് മുമ്പ് എനിക്ക് അധികം റണ്‍സ് നേടാന്‍ സാധിച്ചിരുന്നില്ല. സിഎസ്‌കെയ്ക്കെതിരായ മത്സരത്തിന് മുമ്പ് എന്റെ മകന്‍ ഫോണില്‍ വിളിച്ചു. ഡാഡ് നിങ്ങള്‍ക്ക് റണ്‍സ് നേടാനാവാത്തതില്‍ എന്റെ കൂട്ടുകള്‍ കളിയാക്കുന്നു എന്ന് എന്നോട് പറഞ്ഞു. അവനുവേണ്ടി എനിക്ക് റണ്‍സ് നേടണമായിരുന്നു.
Read more
സിഎസ്‌കെയ്ക്കെതിരേ 122 റണ്‍സടിച്ചതോടെ മകന്‍ വളരെ സന്തോഷവാനായി. ചെന്നൈ വലിയ ടീമാണ്. ഒറ്റയാള്‍ പ്രകടനം കൊണ്ട് മാത്രം തോല്‍പ്പിക്കാന്‍ സാധിക്കുന്ന നിരയല്ല അവരുടേത്. ഞങ്ങളെക്കാലും മികച്ച നിരയായിരുന്നു അവരുടേത്. എന്നാല്‍ ടി20യുടെ സവിശേഷത ഇതാണ്. ഒരു താരത്തിന്റെ പ്രകടനംകൊണ്ട് ശക്തരായ എതിര്‍ ടീമിനെ തോല്‍പ്പിക്കാന്‍ സാധിക്കും- സെവാഗ് പറഞ്ഞു.