ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സൗരവ് ഗാഗുലിയ്ക്ക് ഇന്ന് 48-ാം പിറന്നാല്‍. ഇന്ത്യ ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നായകന്‍ എന്ന നിലയിലും ഉശിരുള്ള ഒരു ക്യാപ്റ്റന്‍ എന്ന നിലയിലും ഒരു തലമുറയുടെ തന്നെ വികാരമായിരുന്നു ഗാംഗുലി. ബംഗാള്‍ കടുവ, കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്നിങ്ങനെ പല വിളിപ്പേരുകളുമുള്ള ഗാംഗുലി സഹതാരങ്ങള്‍ക്ക് അവരുടെ സ്വന്തം ദാദ ആയിരുന്നു.
ഓഫ് സൈഡിലെ ദൈവം എന്നൊരു വിളിപ്പേരും ഗാംഗുലിയ്ക്കുണ്ട്. ഇടത് കൈയന്‍ ബാറ്റ്‌സ്മാനായ ഗാംഗുലി പ്രധാനമായും ഓഫ് സൈഡില്‍ നിന്നാണ് റണ്‍സ് എടുത്തിരുന്നത്. മുന്നിലും പിന്നിലും കാലുകളുപയോഗിച്ച് തുല്യമായി അനായാസം ശക്തമായ ഷോട്ടുകള്‍ തൊടുക്കുന്നതില്‍ ഗാംഗുലിയ്ക്ക് പ്രത്യേക കഴിവായിരുന്നു.
2003- ലെ ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യയെ നയിച്ചത് ഗാംഗുലിയാണ്. എന്നാല്‍ ഫൈനലില്‍ കരുത്തരായ ഓസ്ട്രേലിയയോട് തോല്‍ക്കാനായിരുന്നു ഇന്ത്യയ്ക്ക് വിധി. തനിക്കു കീഴില്‍ ടീമിന് കിരിടം നേടി കൊടുക്കാനായില്ലെങ്കിലും ധോണിയെ പോലുള്ള മികച്ച താരങ്ങളെ ടീമിലേക്ക് എത്തിക്കാന്‍ ഗാംഗുലിയ്ക്കായി എന്നത് പ്രശംസനീയമാണ്.
ധോണിയെ ഇന്ത്യന്‍ ടീമിലെടുക്കണമെന്ന് സെലക്ടര്‍മാരോട് ആദ്യം നിര്‍ബന്ധിച്ചത് അന്ന് ക്യാപ്റ്റനായിരുന്ന ഗാംഗുലിയാണ്. 2004-ലെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിലേക്കായിരുന്നു ധോണിയുടെ പേര് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഗാംഗുലി നിര്‍ദേശിച്ചത്.
ഏകദിനത്തില്‍ സച്ചിന്‍- ഗാംഗുലി കൂട്ടുകെട്ടിനോളം ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയ മറ്റൊരു കൂട്ടുകെട്ട് ഉണ്ടാകില്ല. ചരിത്രം കുറിച്ച് എത്രയോ മത്സരങ്ങള്‍ക്കാണ് ഈ വലംകൈ- ഇടംകൈ കൂട്ടുകെട്ട് അടിത്തറയിട്ടത്. 176 ഏകദിന ഇന്നിംഗ്‌സുകളില്‍ നിന്ന് 47.55 ശരാശരിയില്‍ സച്ചിന്‍-ഗാംഗുലി കൂട്ടുകെട്ട് അടിച്ചെടുത്തത് 8,227 റണ്‍സാണ്. ഏകദിനത്തില്‍ 6,000 റണ്‍സ് പോലും പിന്നിട്ട മറ്റൊരു കൂട്ടുകെട്ടില്ല എന്നത് ഈ കൂട്ടുകെട്ടിന്റെ ശക്തി വ്യക്തമാക്കുന്നു.
ഇന്ത്യയ്ക്കു വേണ്ടി 311 ഏകദിനങ്ങളില്‍ നിന്നായി 41.0 ശരാശരിയില്‍ 11,363 റണ്‍സും ടെസ്റ്റ് ക്രിക്കറ്റില്‍ 113 മത്സരങ്ങളില്‍ നിന്നായി 42.2 ശരാശരിയില്‍ 7,212 റണ്‍സും ഗാംഗുലി നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പൂനെ വാരിയേഴ്സ് എന്നീ ടീമുകള്‍ക്കു വേണ്ടിയും ഗാംഗുലി കളിച്ചിട്ടുണ്ട്. നിലവില്‍ ബിസിസിഐ അദ്ധ്യക്ഷനാണ് ഗാംഗുലി