ടി 20 ഫോർമാറ്റിൽ കെട്ട് ഇന്ത്യ വിട്ടില്ല എന്ന് തോന്നുന്നു. ഒരു 20 ഓവർ മത്സരം തീരുന്ന ലാഘവത്തിൽ ഒന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ 8 വിക്കറ്റിന് തകർത്തെറിഞ്ഞ് ഇന്ത്യ തകർപ്പൻ ജയവും നിർണായക ലീഡും സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 117 റൺസ് പിന്തുടർന്ന ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ച സായ് സുദർശൻ അർദ്ധ സെഞ്ച്വറി നേടിയപ്പോൾ വിശ്വസ്ത താരം ശ്രേയസും തകർപ്പൻ അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. സായ് 43 പന്തിൽ 55 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ ശ്രേയസ് 45 പന്തിൽ 52 റൺ നേടി പുറത്തായി. ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ്( 5 ) തുടക്കത്തിലെ വീണ ശേഷം അയ്യർ- സായ് സഖ്യം ഇന്ത്യയെ ബുദ്ധിമുട്ടുകൾ കൂടാതെ ജയിപ്പിക്കുക ആയിരുന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയരായ ദക്ഷിണാഫ്രിക്കക്ക് സർവം പിഴച്ചു. ഇന്ത്യൻ ബോളർമാരുടെ തകർപ്പൻ ഫോമിന് മുന്നിൽ ഉത്തരമില്ലാതെ ഇരുന്ന അവർ വെറും 116 റൺസിന് പുറത്താകുമ്പോൾ 100 കടന്നത് തന്നെ ഭാഗ്യമായി എന്നായിരിക്കും അവർ ചിന്തിക്കുന്നത്. 5 വിക്കറ്റ് എടുത്ത അർഷ്ദീപ് സിംഗും നാല് വിക്കറ്റ് എടുത്ത ആവേശ് ഖാനും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ വരിഞ്ഞ് തകർത്തെറിഞ്ഞത്. ശേഷിച്ച ഒരു വിക്കറ്റ് കുൽദീപ് വീഴ്ത്തുക ആയിരുന്നു
തുടക്കം മുതൽ സൗത്താഫ്രിക്കയ്ക്ക് വിക്കറ്റുകൾ നഷ്ടമായി. റീസ ഹെൻഡ്രിക്‌സ് 0, റാസി വാൻ ഡെർ ഡ്യൂസെൻ 0, ഐഡൻ മാർക്രം 12, ഹെന്റിച്ച് ക്ലാസൻ 6, വിയാൻ മൾഡർ 0, ഡേവിഡ് മില്ലർ 2 വിയൻ മൽഡർ 0 കേശവ് മഹാരാജ് 4 നന്ദ്രേ ബർഗർ 7 എന്നിവർ ഒന്നും ചെയ്യാൻ ആകാതെ പുറത്തായപ്പോൾ 33 റൺസ് എടുത്ത ആൻഡിലെ ഫെഹ്ലുക്വായോ 28 റൺസ് എടുത്ത ടോണി ഡി സോർസി എന്നിവർ മാത്രം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുക ആയിരുന്നു.
Read more
ഇന്ത്യൻ മറുപടി ആകട്ടെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു. ഋതുരാജ് പുറത്തായ ശേഷം അയ്യർ- സായ് സഖ്യം നന്നായി കളിച്ചു ജയം ഉറപ്പിച്ചു. ആദ്യ മത്സരം കളിക്കുന്ന പേടിയോ ടെൻഷനോ ഇല്ലാതെ ബാറ്റ് ചെയ്ത സായ്‌ക്കൊപ്പം പരിചയസമ്പന്നൻ അയ്യർ കൂടി ചേർന്നപ്പോൾ 20 ഓവറുകൾക്ക് ഉള്ളിൽ ഇന്ത്യ ജയം ഉറപ്പിച്ചു. ജയത്തോട് തൊട്ട് അടുത്ത് എത്തിയപ്പോൾ അയ്യർ വീണെങ്കിലും തിലക് വർമ്മയെ കൂട്ടുനിർത്തി സായ് ഇന്ത്യയെ ജയിപ്പിച്ചു.