ട്വന്റി20 ക്രിക്കറ്റ് ലോക കപ്പിലെ ആദ്യ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ചെറിയ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ആഫ്രിക്കന്‍ പട 118/9 എന്ന സ്‌കോറിലേക്ക് ചുരുങ്ങി. പിഴവില്ലാതെ പന്തെറിഞ്ഞ ഓസീസ് ബോളര്‍മാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂച്ചുവിലങ്ങിടുകയായിരുന്നു.
ബോളിംഗിന് അനുകൂലമായ സാഹചര്യമായിരുന്നെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരുടെ ആത്മവിശ്വാസവും അച്ചടക്കവുമില്ലാത്ത കളിയാണ് അവരെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഓസീസ് പേസര്‍മാരും സ്പിന്നര്‍മാരും ഒരു പോലെ തിളങ്ങി. മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെസല്‍വുഡും ആദം സാംപയും രണ്ടു വിക്കറ്റുവീതം പിഴുതു. പാറ്റ് കമ്മിന്‍സിനും ഗ്ലെന്‍ മാക്‌സ്‌വെല്ലിനും ഓരോ ഇരകളെ വീതം ലഭിച്ചു.
ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരില്‍ എയ്ദന്‍ മാര്‍ക്രം (40, മൂന്ന് ഫോര്‍, ഒരു സിക്‌സ്) മാത്രമേ പൊരുതിയുള്ളു. ക്യാപ്റ്റന്‍ തെംബ ബാവുമ (12), ക്വിന്റ ഡി കോക്ക് (7), റാസി വാന്‍ ഡെര്‍ ഡുസെന്‍ (2), ഹെന്റിച്ച് ക്ലാസന്‍ (13), ഡേവിഡ് മില്ലര്‍ (16) എന്നിവരൊന്നും ടീമിന് കാര്യമായ സംഭാവന നല്‍കിയില്ല. 19 റണ്‍സോടെ പുറത്താകാതെ നിന്ന കാഗിസോ റബാഡ അവസാന ഓവറുകളില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോറിന് ചെറിയ കുതിപ്പ് സമ്മാനിച്ചു.