ഇന്ത്യ ജയിക്കണമെന്ന് ആഗ്രഹിച്ചു പോയെന്ന് ദക്ഷിണാഫ്രിക്കയുടെ ഡ്രൈവര്‍

ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് ടീമുകളിലൊന്നാണ് ഇന്ത്യ. ലോകമെമ്പാടും ഇന്ത്യന്‍ ടീമിന് ആരാധകരുണ്ട്. ഇത്തവണ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ഇന്ത്യയ്ക്ക് ഒരു ആരാധകനെ കിട്ടി. എന്നാല്‍ ഇന്ത്യയുടെ കളി കണ്ട് ആരാധകനായ വ്യക്തിയല്ല ഇയാള്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പെരുമാറ്റവും മാന്യതയും സഹാനുഭൂതിയുമാണ് ഈ ദക്ഷിണാഫ്രിക്കക്കാരനെ ഇന്ത്യന്‍ ടീമിന്റെ ആരാധകനാക്കിയത്.

കേപ്ടൗണ്‍ ടെസ്റ്റിലും ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ബസ് ഡ്രൈവറായിരുന്ന ക്രോഗ് ആണ് ഇന്ത്യന്‍ താരങ്ങളെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ക്രോഗ് വെളിപ്പെടുത്തല്‍ നല്‍കിയിരിക്കുന്നത്.

“ഡ്രൈവര്‍ എന്നതിനപ്പുറം ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തന്നോട് ഒരടുപ്പവും കാണിക്കാറില്ല. താരങ്ങള്‍ മൈതാനത്ത് പരിശീലനത്തിന് ഇറങ്ങുമ്പോള്‍ ഞാന്‍ പുറത്ത് വെയിലും കൊണ്ട് നില്‍ക്കും. എനിക്ക് കുടിക്കാന്‍ വെള്ളമോ കഴിക്കാന്‍ ആഹാരമോ നല്‍കുവാന്‍ അവര്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ഡ്രൈവറോഡുള്ള പെരുമാറ്റം പ്രശംസനീയമാണ്. അവര്‍ ഡ്രൈവറോട് വളരെ സൗഹാര്‍ദ്ദപരമായാണ് ഇടപെടാറുളളത്. ടീം ബസ് ഡ്രൈവര്‍ക്കായി കുടിവെള്ളവും മറ്റ് ലഘുഭക്ഷണവും നല്‍കാന്‍ ഇന്ത്യന്‍ താരങ്ങള്‍ മറക്കാറില്ല”ക്രോഗ് പറയുന്നു.

എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ബസ് ഡ്രൈവറായി തനിക്ക് ഇത് ലഭിക്കാറില്ല എന്ന് മനസിലാക്കിയ ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ ക്രോഗിനുളള വെള്ളവും ലഘുഭക്ഷണവും അവരുടെ ഡ്രൈവറായ റോണി മൂഡ്ലിയുടെ കൈവശം കൊടുത്തുവിടുകയായിരുന്നത്രെ. ഭക്ഷണത്തിനുള്ള കൂപ്പണും, മല്‍സരം കാണുന്നതിനുള്ള ടിക്കറ്റും അവര്‍ തനിക്കായി കൊടുത്തയക്കാറുണ്ടെന്നും ക്രോഗ് വ്യക്തമാക്കി.

“ഇന്ത്യന്‍ ടീമിനെ നോക്കൂ. അവരുടെ ഭാഗമായി തന്നെ ടീം ബസിന്റെ ഡ്രൈവറെയും കാണുന്നു.
മത്സരം കാണുന്നതിന് ഒരു ടിക്കറ്റ് മാത്രമാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക തനിക്കായി നല്‍കിയത്” ക്രോഗ് പറയുന്നു.

അതെസമയം ഇന്ത്യന്‍ ടീമിന്റെ ഡ്രൈവര്‍ക്കായി, താരങ്ങള്‍ മുഖേന നിരവധി ടിക്കറ്റ് നല്‍കി. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യമായി ടിക്കറ്റ് നല്‍കാനായാണ് ഇന്ത്യന്‍ താരങ്ങള്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ ടിക്കറ്റ് നല്‍കിയത്. തനിക്കുവേണ്ടിയും അവര്‍ ടിക്കറ്റ് നല്‍കി. ഈ ടിക്കറ്റുകള്‍ തന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് നല്‍കുകയായിരുന്നുവെന്നും ക്രോഗ് പറയുന്നു. ഭക്ഷണം കഴിക്കുന്നതിനുള്ള കൂപ്പണ്‍ പലപ്പോഴും വൈകിയാണ് കൊടുത്തുവിട്ടിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീം നല്‍കുന്ന കൂപ്പണ്‍ ഉപയോഗിച്ച് താന്‍ അതിനോടകം ഭക്ഷണം കഴിച്ചിട്ടുണ്ടാകും. അതിനാലാണ് ഇന്ത്യന്‍ ടീമിന്റെ ഡ്രൈവര്‍ അവരുടെ ജേഴ്‌സി ധരിച്ചെത്തുമ്പോള്‍ ഞാന്‍ ഒരിക്കലും ദക്ഷിണാഫ്രിക്കന്‍ ജേഴ്‌സി ധരിച്ചെത്താത്തതെന്നും ക്രോഗ് കൂട്ടിച്ചേര്‍ത്തു.