ഐ.പി.എല്‍ 13-ാം സീസണ് മുന്നോടിയായുള്ള ഒരുക്കത്തിലാണ് ഫ്രാഞ്ചൈസികള്‍. കോവിഡ് സാഹചര്യത്തില്‍ യു.എ.ഇയിലാവും മത്സരങ്ങള്‍ നടക്കുക. എന്നാലിപ്പോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കേണ്ട ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ കാര്യത്തില്‍ ആശങ്ക ഉടലെടുത്തിരിക്കുകയാണ്. കോവിഡാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്താന്‍ താരങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്നത്.
രോഗവ്യാപനത്തെ തുടര്‍ന്നു ദക്ഷിണാഫ്രിക്കയില്‍ ഇപ്പോള്‍ ലോക്ക്ഡൗണാണ്. സെപ്റ്റംബറിനു ശേഷം മാത്രമേ രാജ്യത്തെ നിയന്ത്രണങ്ങള്‍ നീക്കാനിടയുള്ളൂ. അപ്പോള്‍ അതിനു ശേഷമേ താരങ്ങള്‍ക്ക് യു.എ.ഇതിലേക്ക് എത്താനാകൂ. അതിനാല്‍ ആദ്യത്തെ കുറച്ചു മല്‍സരങ്ങള്‍ക്കു ശേഷം മാത്രമേ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കൊപ്പം ചേരാന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ആകൂ.
എന്നാല്‍ ഇമ്രാന്‍ താഹിര്‍ നേരത്തെ തന്നെ ടീമിനൊപ്പം ചേരും. ഇപ്പോള്‍ പാകിസ്ഥാനിലായതിനാലാണ് താഹിറിന് ഐ.പി.എല്ലിലേക്ക് നേരത്തെ എത്താനാവുക. ഓഗസ്റ്റ് 18-ന് ആരംഭിക്കാനിരിക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലും താഹിര്‍ കളിക്കുന്നുണ്ട്. യാത്രാനുമതിയില്ലാത്തതിനാല്‍ ദക്ഷിണാഫ്രിക്കയുടെ അഞ്ചു കളിക്കാര്‍ സി.പി.എല്ലില്‍ നിന്നു പിന്‍മാറിയിരുന്നു.
സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ എട്ടു വരെയാണ് ഐപിഎല്ലിന്റെ 13-ാം സീസണ്‍ നടക്കുന്നത്. ടൂര്‍ണമെന്റിന്റെ മല്‍സരക്രമം, മാര്‍ഗനിര്‍ദേശങ്ങള്‍, നിയമങ്ങള്‍ എന്നിവയെല്ലാം ഓഗസ്റ്റ് രണ്ടിന് പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയം, ഷാര്‍ജ ഗ്രൗണ്ട്, ഷെയ്ഖ് സായിദ് സ്റ്റേഡിയം അബുദാബി എന്നീ ഗ്രൗണ്ടുകളാണ് ടൂര്‍ണമെന്റിന് വേദിയാവുക.