ഐപിഎലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദിനെതിരെ നാല് വിക്കറ്റിന്റെ ജയമാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. തുടര്‍ തോല്‍വികളില്‍ നിന്നും വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ. ഇതോടെ പ്ലേഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ് അവര്‍. എന്നാല്‍ ഏഴ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നില ഇപ്പോഴും പരുങ്ങലിലാണ്. കഴിഞ്ഞ സീസണില്‍ കണ്ട ഒരു ബാലന്‍സ്ഡ് ടീമിന്റെ ശ്രദ്ധേയ പ്രകടനം ഇത്തവണ അവരില്‍ നിന്നുണ്ടാകുന്നില്ല. ഇങ്ങനെ പോവുകയാണെങ്കില്‍ അവര്‍ ഉടന്‍ ഈ സീസണില്‍ നിന്നും പുറത്താകാനുളള സാധ്യത കൂടുതലാണ്.
അതേസമയം ഹൈദരാബാദിന്റെ ബാറ്റര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോച്ച് ഡാനിയേല്‍ വെട്ടോറി. അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ് ഉള്‍പ്പെടെയുളള എസ്ആര്‍എച്ച് ബാറ്റര്‍മാര്‍ സാഹചര്യങ്ങളുമായി കൂടുതല്‍ പൊരുത്തപ്പെടണമെന്നും കളിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും വെറ്റോറി പറയുന്നു. പിച്ചിന്റെ അവസ്ഥയില്‍ ടീമിന് വലിയ നിയന്ത്രണമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ അത് അവര്‍ക്ക് പ്രതികൂലമായി ബാധിക്കും. കൂടുതല്‍ ബുദ്ധിമുട്ടുളള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ തന്റെ ടീം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ പോലുളളവരുടെ കാര്യത്തില്‍.
Read more
ഈ സീസണില്‍ ഹോംമാച്ചുകളില്‍ മാത്രമാണ് സണ്‍റൈസേഴ്‌സിന് ജയിക്കാനായത്. എവേ മത്സരങ്ങളില്‍ എല്ലാം വലിയ തോല്‍വികളാണ് അവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും വമ്പന്‍ താരനിരയുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ മാത്രമാണ് ഹൈദരാബാദ് ടീം ഒന്നടങ്കം തിളങ്ങിയത്. ഈ മത്സരത്തില്‍ 250 റണ്‍സിലധികം ടീം സ്‌കോര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീടുളള മത്സരങ്ങളില്‍ എല്ലാവരും കളി മറക്കുന്ന കാഴ്ചയാണ് കാണാനായത്.