MI VS SRH: ക്ലാസന്റെയും ട്രാവിഷേകിന്റെയും വെടിക്കെട്ടില്‍ മുംബൈ വിയര്‍ത്തുപോയ ദിവസം, കൂറ്റന്‍ സ്‌കോറിന് മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവാതെ ഹാര്‍ദികും ടീമും കണ്ടംവഴി ഓടി

ഐപിഎലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-മുംബൈ ഇന്ത്യന്‍സ് മത്സരമാണ്. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈയുടെ വരവ്. അതേസമയം വിജയവഴിയില്‍ തിരിച്ചെത്താനാവാതെ ഈ സീസണില്‍ തപ്പിതടയുകയാണ് പാറ്റ് കമ്മിന്‍സിന്റെ ഹൈദരാബാദ്. രണ്ട് ടീമുകള്‍ക്കും ഇന്നത്തെ മത്സരം വളരെ നിര്‍ണായകമാണ്. ഹോംഗ്രൗണ്ടായ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വച്ചാണ് മത്സരമെന്നത് സണ്‍റൈസേഴ്‌സിന് മത്സരത്തില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്.

ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയപ്പോള്‍ വിജയം ഹൈദരാബാദിനൊപ്പമായിരുന്നു. അന്ന് ആദ്യ ബാറ്റിങ്ങില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നിശ്ചിത ഓവറില്‍ 277 റണ്‍സാണ് ഹൈദരാബാദ് അടിച്ചുകൂട്ടിയത്. ട്രാവിസ് ഹെഡ് (62), അഭിഷേക് ശര്‍മ്മ (63), ഹെന്റിച്ച് ക്ലാസന്‍ (80), എയ്ഡന്‍ മാര്‍ക്രം(42) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിന്‍ബലത്തിലായിരുന്നു സണ്‍റൈസേഴ്‌സ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. മറുപടി ബാറ്റിങ്ങില്‍ തുടക്കത്തിലേ തിരിച്ചടിച്ചെങ്കിലും ഹൈദരാബാദിന്റെ വലിയ സ്‌കോര്‍ മുംബൈക്ക് മറികടക്കാനായില്ല.

Read more

20 ഓവറില്‍ 246 റണ്‍സ് മാത്രമാണ് മുംബൈക്ക് നേടാനായത്. തിലക് വര്‍മ്മയായിരുന്നു മുംബൈയുടെ ചേസിങ്ങിന് മുന്നില്‍ നിന്നുളള പ്രകടനം നടത്തിയത്. തിലക് (64), ടിം ഡേവിഡ് (42), ഇഷാന്‍ കിഷന്‍ (34), രോഹിത് ശര്‍മ്മ (26), നമന്‍ ദീര്‍ (30), ഹാര്‍ദിക് പാണ്ഡ്യ (24) തുടങ്ങിയവര്‍ മുംബൈയ്ക്കായി കാര്യമായ സംഭാവന നല്‍കി. മത്സരത്തില്‍ 34 പന്തില്‍ 80 റണ്‍സ് എടുത്ത ഹെന്റിച്ച് ക്ലാസനാണ് മുംബൈ ബോളര്‍മാരുടെ നടുവൊടിച്ചത്. കളി മുംബൈ തോറ്റെങ്കിലും വലിയ കാഴ്ചവിരുന്നായിരുന്നു ഈ മത്സരം ക്രിക്കറ്റ് ആരാധകര്‍ക്ക് സമ്മാനിച്ചത്.