ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ് തകര്‍ച്ച. പവര്‍പ്ലേ അവസാനിക്കും മുന്‍പ് നാല് പ്രധാന ബാറ്റര്‍മാരെയാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്. രണ്ടാമത്തെ ഓവറില്‍ തന്നെ ഓപ്പണര്‍ ട്രാവിസ് ഹെഡ് ട്രെന്‍ഡ് ബോള്‍ട്ടിന്റെ പന്തില്‍ പുറത്തായി. നാല് പന്തുകള്‍ കളിച്ച ഹെഡ് റണ്ണൊന്നുമെടുക്കാതെയാണ് ഇന്ന് പുറത്തായത്. തൊട്ടടുത്ത ഓവറില്‍ മൂന്നാമന്‍ ഇഷാന്‍ കിഷനെയും മുംബൈ മടക്കിയയച്ചു.
ഇക്കളിയിലും ബാറ്റിങ്ങില്‍ പരാജയപ്പെട്ട കിഷന്‍ വെറും ഒരു റണ്‍സ് മാത്രമെടുത്താണ് പുറത്തായത്. ദീപക് ചാഹറിനായിരുന്നു വിക്കറ്റ്. നാലാമത്തെ ഓവറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെയും ഹൈദരാബാദിന് നഷ്ടപ്പെട്ടു. രണ്ട് റണ്‍സെടുത്ത നിതീഷിനെ ദീപക് ചാഹര്‍ തന്നെയാണ് മടക്കിയയച്ചത്. തുടര്‍ന്ന് ഹെന്റിച്ച് ക്ലാസനും അനികേത് വെര്‍മ്മയും ചേര്‍ന്ന് ടീമിനെ മുന്നോട്ടുനയിച്ചെങ്കിലും അനികേതിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയത് ടീമിന് വീണ്ടും തിരിച്ചടിയായി.
Read more
12 റണ്‍സെടുത്താണ് താരത്തിന്റെ മടക്കം. നിലവില്‍ പത്ത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റിന് 52 റണ്‍സ് എന്ന നിലയിലാണ് ഹൈദരാബാദ്. മലയാളി താരം വിഘ്‌നേഷ് പുതൂര്‍ മുംബൈ ഇന്ത്യന്‍സിന്റെ ഇന്നത്തെ ഇലവനില്‍ സ്ഥാനം പിടിച്ചു. ഹൈദരാബാദിലെ ഉപ്പല്‍ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വച്ചാണ് ഇന്നത്തെ മത്സരം. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചാണ് മുംബൈ ഇന്ത്യന്‍സിന്റെ വരവ്. അതേസമയം തുടര്‍ച്ചയായ തോല്‍വികളുമായി നില്‍ക്കുന്ന സമയത്ത് വിജയവഴിയില്‍ തിരിച്ചെത്താനാവും ഹൈദരാബാദിന്റെ ശ്രമം.