രോഹിത്ത് ഇനി ലെജന്റ്; ഇതിഹാസക്കസേരയില്‍ ഹിറ്റ്മാന്‍

ഇന്ത്യ-ലങ്ക രണ്ടാം ഏകദിനത്തില്‍ കളിയിലെ താരമായി രോഹിത്ത് ശര്‍മ്മ. തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി നേടിയതാണ് രോഹിത്തിനെ കളിയിലെ താരമായി തെരഞ്ഞെടുത്തത്. 153 പന്തിലാണ് രോഹിത്ത് തന്റെ മൂന്നാം ഡബിള്‍ സെഞ്ച്വറിയായ പുറത്താകാതെ 208 റണ്‍സ് സ്വന്തമാക്കിയത്.

2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ചുറി നേടുന്നതുവരെ, ഏകദിന ഇരട്ടസെഞ്ച്വറിയെന്നത് ബാറ്റ്‌സ്മാന്‍മാരെ സംബന്ധിച്ചിടത്തോളം ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു. സച്ചിന്റെ ആദ്യ ഇരട്ടസെഞ്ചുറിക്കു ശേഷവും അധികം ഇരട്ടസെഞ്ചുറികളൊന്നും ഏകദിനത്തില്‍ പിറന്നിട്ടില്ല.

സച്ചിന്റെതുള്‍പ്പെടെ ഇതുവരെ ഏകദിനത്തില്‍ പിറന്ന ഇരട്ടസെഞ്ച്വറി നേട്ടങ്ങള്‍ ഏഴു മാത്രം. എന്നാല്‍, ഈ ഏഴ് ഇരട്ടസെഞ്ച്വികളില്‍ മൂന്നെണ്ണവും നേടിയത് സാക്ഷാല്‍ രോഹിത് ശര്‍മ. ക്രിക്കറ്റ് ചരിത്രത്തിലെ മറ്റ് താരങ്ങളെല്ലാം ചേര്‍ന്ന് ആകെ നേടിയതിനേക്കാള്‍ ഒന്നു മാത്രം കുറവ്!

മാത്രമല്ല, ഇപ്പോഴും ഏകദിനത്തില്‍ 250 കടക്കാന്‍ ബുദ്ധിമുട്ടുന്ന ടീമുകള്‍ ക്രിക്കറ്റ് ലോകത്തുണ്ടെന്നിരിക്കെ “അതുക്കും മുകളിലുള്ള” ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും രോഹിതിന്റെ പേരിലാണ്.

2014ല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇതേ എതിരാളികള്‍ക്കെതിരെ പുറത്താകാതെ നേടിയ 264 റണ്‍സ്! അതിനും ഒരു വര്‍ഷം മുന്‍പ്, 2013ല്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു രോഹിതിന്റെ ആദ്യ ഏകദിന ഇരട്ടസെഞ്ചുറി. സാക്ഷാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 209 റണ്‍സാണ് അന്ന് രോഹിത് സ്വന്തമാക്കിയത്.

മാര്‍ട്ടിന്‍ ഗപ്റ്റില്‍ (പുറത്താകാതെ 237), വീരേന്ദര്‍ സേവാഗ് (219), ക്രിസ് ഗെയ്ല്‍ (215), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (പുറത്താകാതെ 200) എന്നിവരാണ് രോഹിതിനു പുറമെ ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി നേടിയിട്ടുള്ളവര്‍