ദക്ഷിണാഫ്രിക്കന്‍ പേസ് ബോളിംഗ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ ക്രിക്കറ്റിനോട് വിട പറഞ്ഞു. മുപ്പത്തിയെട്ടുകാരനായ താരം തന്നെയാണ് ട്വിറ്ററിലൂടെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. പതിനേഴ് വര്‍ഷം നീണ്ട കരിയറിനാണ് സ്റ്റെയ്ന്‍ ഇതോടെ വിരാമമിട്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് സ്റ്റെയ്ന്‍ രണ്ടു വര്‍ഷം മുന്‍പേ വിരമിച്ചിരുന്നു.
ആധുനിക ക്രിക്കറ്റിലെ ബാറ്റിംഗ് പ്രതിഭകളെ വിറപ്പിച്ച പേസറായിരുന്നു സ്റ്റെയ്ന്‍. ഒരുകാലത്ത് ദക്ഷിണാഫ്രിക്കന്‍ ബോളിംഗ് ആക്രമണത്തെ മുന്നില്‍ നിന്ന് നയിച്ചതും സ്റ്റെയ്ന്‍ തന്നെ. 2004ല്‍ പോര്‍ട്ട് എലിസബത്തില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സ്റ്റെയ്ന്‍ തൊട്ടടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കായി ഏകദിനത്തിലും കുപ്പായമണിഞ്ഞു.
ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കുമെതിരായ ഇരട്ട ടെസ്റ്റ് പരമ്പര ജയങ്ങള്‍ അടക്കം ദക്ഷിണാഫ്രിക്കയുടെ മഹത്തായ നേട്ടങ്ങളില്‍ സ്റ്റെയ്ന്‍ പങ്കാളിയായി. ഇന്ത്യയില്‍ രണ്ടു തവണ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര സമനിലയിലാക്കിയപ്പോഴും സ്റ്റെയ്ന്‍ നിര്‍ണായക സംഭാവന നല്‍കി. 2010-15 കാലയളവില്‍ തുടര്‍ച്ചയായി ടെസ്റ്റ് ബോളര്‍മാരുടെ ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനം വഹിച്ചത് മറ്റൊരു നേട്ടം. 2008. 2009 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി.
93 ടെസ്റ്റുകളില്‍ നിന്ന് 439 വിക്കറ്റുകളാണ് സമ്പാദ്യം. 125 ഏകദിനങ്ങളില്‍ നിന്ന് 196 വിക്കറ്റുകളും സ്റ്റെയ്ന്‍ പോക്കറ്റിലാക്കി. 47 ട്വന്റി20 മത്സരങ്ങള്‍ കളിച്ച സ്റ്റെയ്ന്‍ 64 വിക്കറ്റുകളും സ്വന്തം പേരിലെഴുതിയിരുന്നു. ഐപിഎല്‍ ടീമുകളായ ഡെക്കാണ്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവയ്ക്കു വേണ്ടി പന്തെറിഞ്ഞിട്ടുണ്ട്.