ഇന്ത്യന്‍ ദേശീയ ടീമില്‍ ഒരു കാലത്ത് സ്ഥിരം സാന്നിധ്യമായിരുന്നു അമ്പാട്ടി റായിഡു. അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരം ഐപിഎല്ലില്‍ കളി തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ വര്‍ഷത്തോടെ ഐ.പി.എലില്‍ നിന്നും താന്‍ വിരമിക്കുമെന്ന് അറിയിച്ച് ട്വീറ്റ് ചെയ്ത റായിഡു അല്‍പനേരം കഴിഞ്ഞ് ട്വീറ്റ് പിന്‍വലിച്ചിരുന്നു. ഇപ്പോഴിത ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ്.
‘ഇത് നിരാശാജനകമല്ല, സത്യം പറഞ്ഞാല്‍ ‘ചായക്കോപ്പയിലെ കൊടുങ്കാറ്റായിരുന്നു’ അത്. അവന്‍ സുഖമായിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. പക്ഷെ ഇത് ചെന്നൈ ക്യാമ്പില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.’ ഗുജറാത്തിനെതിരായ മത്സരത്തിന് മുമ്പ് ഫ്ളെമിംഗ് പറഞ്ഞു.
അതേസമയം, ഗുജറാത്തിനെതിരായ മത്സരത്തില്‍ ചെന്നൈ പ്ലേയിംഗ് ഇലവനില്‍ താരത്തിന് ഇടംലഭിച്ചിരുന്നില്ല. ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 271 റണ്‍സാണ് താരത്തിന് നേടാനായത്. 78 റണ്‍സാണ് ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായ റായിഡു ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും കളിച്ചിട്ടുണ്ട്. രണ്ട് ടീമുകള്‍ക്ക് വേണ്ടിയും 4000 റണ്‍സില്‍ കൂടുതല്‍ നേടിയ താരം 5 ഐ.പി.എല്‍ കിരീട നേട്ടങ്ങളിലും ഭാഗമായിട്ടുണ്ട്. 5 കിരീട നേട്ടം അവകാശപ്പെടാനുള്ള ചുരുക്കം ചില താരങ്ങളില്‍ ഒരാള്‍ കൂടിയാണ് റായിഡു.