കൊടുത്തണുപ്പിലും അവസാനിക്കാത്ത ആധിപത്യവുമായി ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും ഇന്ത്യ ടോപ് ഗിയറിൽ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 473 / 8 എന്ന നിലയിൽ നിൽക്കുകയാണ് ടീം. ഇതിനോടകം 255 റൺസിന്റെ ലീഡ് ഉള്ള ഇന്ത്യ ഇംഗ്ലണ്ടിന് യാതൊരു പഴുതും കൊടുക്കാതെയാണ് രണ്ടാം ദിനവും കളിച്ചത്.
തലേന്നത്തെ സ്കോറായ 135 / 1 എന്ന നിലയിൽ നിന്നും ബാറ്റിംഗ് തുടർന്ന ഇന്ത്യക്കായി രോഹിത് ശർമ്മയും ഗില്ലും തകർപ്പൻ സെഞ്ചുറികൾ നേടി തിളങ്ങി. അതോടെ തന്നെ കളി ഇന്ത്യയുടെ കൺട്രോളിൽ ആയി എന്ന് പറയാം. രോഹിത് ക്‌ളാസ് ശൈലിയിൽ ബാറ്റ് ചെയ്തപ്പോൾ ഗിൽ മാസ് ബാറ്റിംഗ് ആയിരുന്നു കാഴ്ചവെച്ചത്. ഇംഗ്ലീഷ് ബോളര്മാരുടെ നടുവൊടിച്ച ശേഷമാണ് ഇരുവരും പുറത്തായത്. രോഹിത് 103 റൺ എടുത്ത് സ്റ്റോക്സിന് ഇരയായി മടങ്ങിയപ്പോൾ ഗില്ലിനെ( 110 ) ആൻഡേഴ്സൺ മടക്കി.
അവിടെയും ഇന്ത്യൻ ആധിപത്യം അവസാനിച്ചില്ല. ആദ്യ ടെസ്റ്റ് കളിക്കുന്ന ദേവദത്ത് പടിക്കലും സർഫ്രാസ് ഖാനും ചേർന്ന് പിന്നെയും റൺ ഉയർത്തി. തുടക്കത്തിൽ ഒരൽപം പങ്ങിയ സർഫ്രാസ് ആക്രമണം തുടങ്ങിയതോടെ ഇംഗ്ലണ്ട് ശരിക്കും വിയർത്തു. സർഫ്രാസ് (56 ), പടിക്കൽ (65 ) എന്നിവർ എല്ലാം അർദ്ധ സെഞ്ച്വറി നേടിയ ശേഷമാണ് പുറത്തായത്. എന്നാൽ പിന്നെ ക്രീസിൽ എത്തിയ താരങ്ങൾക്ക് തുടക്കം മുതലാക്കാൻ പറ്റിയില്ല. ദ്രുവ് ജുറൽ (15 ), ജഡേജ (15 ) എന്നിവർ മികച്ച തുടക്കം കിട്ടിയ ശേഷമാണ് മടങ്ങിയത് എങ്കിലും അശ്വിൻ പൂജ്യനായിട്ടാണ് പുറത്തായത്. അതോടെ ഇന്ത്യൻ ഇന്നിംഗ്സ് ഇന്ന് തന്നെ തീർക്കാമെന്ന് ഇംഗ്ലണ്ട് കണക്ക് കൂട്ടിയതാണ്. എന്നാൽ ക്രീസിൽ ഉറച്ച കുൽദീപ് യാദവ് (27 ), ബുംറ (19 ) അതിന് അനുവദിച്ചില്ല. ഇരുവരും പുറത്താകാതെ നിൽക്കുകയാണ്.
Read more
ഇംഗ്ലണ്ടിനായി ഷൊഹൈബ് ബഷീർ നാലും ടോം ഹാർട്ലി രണ്ടും വിക്കറ്റ് നേടിയപ്പോൾ ആൻഡേഴ്സൺ, സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.