നാലര പതിറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ക്രിക്കറ്റിന്റെ ജന്മനാട് വീട്ടുമുറ്റത്ത് ലോക കിരീടമെത്തിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. ആവേശകരമായ ഫൈനലില്‍ സൂപ്പര്‍ ഓവറിലൂടെ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ലോക കപ്പ് കിരീടം ചൂടിയത്. 50 ഓവര്‍ മത്സരത്തിനൊടുവിലും സൂപ്പര്‍ ഓവറിലും ഇരുടീമുകളുടെയും സ്‌കോര്‍ തുല്യമായതിനെ തുടര്‍ന്ന് മത്സരത്തില്‍ കൂടുതല്‍ ബൗണ്ടറി നേടിയ ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു.
ഒരു നിമിഷം എല്ലാം അവസാനിച്ചെന്ന് തോന്നിയെടുത്ത് നിന്ന് ഇംഗ്ലണ്ടിനെ കിവീസിനൊപ്പം എത്തിച്ചത് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ആയിരുന്നു. കളത്തില്‍ നിര്‍ണായക നിമിഷം ചെലവഴിച്ചയാള്‍ എന്ന നിലയില്‍ ഏറെ സമ്മര്‍ദ്ദവും താരം അനുഭവിച്ചിരുന്നു. അന്ന് നേരിട്ട കടുത്ത സമ്മര്‍ദ്ദം സ്റ്റോക്ക്സ് എങ്ങനെയായിരിക്കും മറികടന്നിട്ടുണ്ടാകുക എന്നറിയാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കെല്ലാം ഒരാകാംക്ഷയുണ്ടാകും.
മത്സരം ടൈ ആയ ശേഷം ഡ്രസിംഗ് റൂമിലെത്തിയ സ്റ്റോക്ക്സ് സൂപ്പര്‍ ഓവറിനു മുമ്പ് സമ്മര്‍ദ്ദം മാറ്റാന്‍ ഒരു സിഗരറ്റ് വലിച്ചെന്നാണ് പറയുന്നത്. ഇംഗ്ലണ്ടിന്റെ ലോക കപ്പ് ജയത്തെ കുറിച്ച് പ്രതിപാദിക്കുന്ന “മോര്‍ഗന്‍സ് മെന്‍: ദി ഇന്‍സൈഡ് സ്റ്റോറി ഓഫ് ഇംഗ്ലണ്ട്സ് റൈസ് ഫ്രം ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഹ്യുമിലിയേഷന്‍ ടു ഗ്ലോറി” എന്ന് പുസ്തകത്തിലാണ് സ്റ്റോക്ക്സ് അന്ന് അനുഭവിച്ച സമ്മര്‍ദ്ദത്തെ കുറിച്ചും അത് മറികടക്കാന്‍ സ്വീകരിച്ച മാര്‍ഗത്തെ കുറിച്ചും പറയുന്നത്.
“സൂപ്പര്‍ ഓവറിന് മുന്നോടിയായി മോര്‍ഗന്‍ ഇംഗ്ലണ്ട് ഡ്രസിംഗ് റൂമിനെ ശാന്തമാക്കാനും തന്ത്രങ്ങള്‍ ക്രമീകരിക്കാനും ശ്രമിക്കുമ്പോള്‍ സ്റ്റോക്ക്സ് അവിടെ നിന്നും ഒരു നിമിഷത്തേക്ക് മുങ്ങി. പിരിമുറുക്കത്തിന്റെ രണ്ടു മണിക്കൂറും 27 മിനിറ്റും അദ്ദേഹം പൊരുതി. പിന്നീട് അദ്ദേഹം ഇംഗ്ലണ്ട് ഡ്രസ്സിംഗ് റൂമിന് പുറകിലേക്ക് പോയി, അറ്റന്‍ഡന്റിന്റെ ചെറിയ ഓഫീസ് മറികടന്ന് കുളിമുറിയിലേക്ക്. അവിടെ അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തി ഏതാനും മിനിറ്റുകള്‍ ചെലവിട്ടു.” എന്നാണ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്.