ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി പരിശീലന റോളിലേക്ക്. വരുന്ന അഭ്യന്തര സീസണില്‍ അസം സംസ്ഥാന ടീമിന്റെ സഹപരിശീലകനായി താരം പ്രവര്‍ത്തിക്കും. ഇന്ന് അസം ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ അജയ് രാത്രയുടെ സഹായിയായിട്ടാവും ടീമില്‍ ബിന്നി പ്രവര്‍ത്തിക്കുക. നവംബര്‍ നാലിന് സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റോടെ ആരംഭിക്കുന്ന അഭ്യന്തര ക്രിക്കറ്റ് സീസണില്‍ വിജയ് ഹസാരെ ഏകദിന ട്രോഫിയും, രഞ്ജി ട്രോഫിയും വരുന്നുണ്ട്.
ഇന്ത്യയ്ക്കായി ആറ് ടെസ്റ്റുകളും 14 ഏകദിനങ്ങളും മൂന്ന് ടി20കളും കളിച്ചിട്ടുള്ള താരമാണ് ബിന്നി. ടെസ്റ്റില്‍ 194 റണ്‍സും 3 വിക്കറ്റും ഏകദിനത്തില്‍ 230 റണ്‍സും 20 വിക്കറ്റും ടി20യില്‍ 35 റണ്‍സും 3 വിക്കറ്റുമാണ് ബിന്നിയുടെ സമ്പാദ്യം. ഏകദിനത്തിലെ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനം ബിന്നിയുടേതാണ്. 2014 ല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് ബിന്നി വീഴ്ത്തിയത്. 17 വര്‍ഷം നീണ്ട ആഭ്യന്തര കരിയറില്‍ കര്‍ണാടകയ്ക്കായി 95 മത്സരങ്ങള്‍ ബിന്നി കളിച്ചിട്ടുണ്ട്.