ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ നിന്ന് പരിക്ക് കാരണം പുറത്തായ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനു പകരം ബംഗാളുകാരനായ യുവ മീഡിയം പേസര്‍ ആകാശ് ദീപിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുന്‍പാണ് വാഷിങ്ടണ്‍ സുന്ദറിന് പരിക്കേറ്റത്. താരം ഐപിഎല്‍ കളിക്കില്ലെന്ന് ഉറപ്പായിരുന്നു.
റോയല്‍ ചലഞ്ചേഴ്‌സിന്റെ നെറ്റ് ബൗളറില്‍ നിന്നാണ് ടീമംഗം എന്ന നിലയിലേക്ക് ആകാശ് ദീപ് ഉയരുന്നത്. ആകാശ് ദീപിനെ ടീമിലെടുത്ത വിവരം അറിയിച്ച് ആര്‍സിബി അധികൃതര്‍ വാര്‍ത്താ കുറിപ്പ് പുറത്തിവിട്ടിട്ടുണ്ട്.
2019ലാണ് ബംഗാളിനുവേണ്ടി ട്വന്റി20യില്‍ ആകാശ് ദീപ് അരങ്ങേറിയത്. ഇതുവരെ 21 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ 35 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് ആകാശിന്റെ മികച്ച പ്രകടനം.