ഐസിസി ടി20 ലോകകപ്പ് ടീമില്‍ ഇടംപിടിച്ച തങ്ങളുടെ കളിക്കാരോട് ഐപിഎല്‍ മതിയാക്കി നേരത്തെ നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതിന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ക്രിക്കറ്റ് താരങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്നെ സംബന്ധിച്ചിടത്തോളം രാജ്യം ഒന്നാമതാണ്. എന്നിരുന്നാലും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മുഴുവന്‍ സീസണും കളിക്കാന്‍ നിങ്ങള്‍ സമ്മതിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ പ്രതിബദ്ധത പാലിക്കണം. നിങ്ങളുടെ വാക്കുകള്‍ മാനിക്കാതെ നിങ്ങള്‍ ഫ്രാഞ്ചൈസിയെ നിരാശപ്പെടുത്തുകയാണ്.
കളിക്കാര്‍ നല്ല പണം സമ്പാദിക്കുന്നു. ഒരു താരം നേരത്തെ മടങ്ങുകയാണെങ്കില്‍ കളിക്കാരനെ വാങ്ങിയ തുകയില്‍ നിന്ന് പണം കുറയ്ക്കാന്‍ ഫ്രാഞ്ചൈസികളെ അനുവദിക്കണം. ബോര്‍ഡുകള്‍ അവരുടെ കളിക്കാരെ തുടരാന്‍ അനുവദിക്കുന്നില്ലെങ്കില്‍, അവര്‍ക്കും പിഴ ചുമത്തണം. അവര്‍ക്ക് 10 ശതമാനം കമ്മീഷന്‍ ലഭിക്കുന്നുണ്ട്. ഈ രീതി ഐപിഎല്ലില്‍ മാത്രമാണ് പിന്തുടരുന്നത്. മറ്റ് ക്രിക്കറ്റ് ബോഡികളെ പരിപാലിക്കുന്നതില്‍ ബിസിസിഐക്ക് അഭിനന്ദനം ലഭിക്കുന്നില്ല- ഗവാസ്‌കര്‍ പറഞ്ഞു.
മെയ് 22 ന് ആരംഭിക്കുന്ന പാകിസ്ഥാനെതിരായ ഹോം പരമ്പര കളിക്കാനെത്താന്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇസിബി കളിക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഐപിഎലില്‍ കളിക്കുന്ന ജോസ് ബട്ട്ലര്‍, ഫില്‍ സാള്‍ട്ട്, ലിയാം ലിവിംഗ്സ്റ്റണ്‍, സാം കറാന്‍, ജോണി ബെയര്‍സ്റ്റോ, മൊയിന്‍ അലി, വില്‍ ജാക്ക്സ്, റീസ് ടോപ്ലി എന്നിവര്‍ 2024 ലെ ഐസിസി ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാണ്.