ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'ബുംറയെ നെറ്റ്സില്‍ അധികം നേരിടരുത്';  യുവ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ഗവാസ്‌കറുടെ മുന്നറിയിപ്പ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് തയ്യാറെടുക്കുമ്പോള്‍ പരിശീലന സെഷനില്‍ ഫാസ്റ്റ് ബൗളര്‍മാരെ അധികം നേരിടാന്‍ യുവ ഇന്ത്യന്‍ ബാറ്റര്‍മാരോട് നിര്‍ദ്ദേശിച്ച് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. അതേസമയം ജസ്പ്രീത് ബുംറയുടെ ഉയര്‍ന്ന തലത്തിലുള്ള വൈദഗ്ധ്യം കാരണം അമിതമായി അദ്ദേഹത്തിന്റെ ബോളുകളെ നേരിടുന്നതിനെതിരെ അദ്ദേഹം അവര്‍ക്ക് മുന്നറിയിപ്പും നല്‍കി.

നിങ്ങളില്‍ തന്നെ വിശ്വസിക്കാന്‍ തുടങ്ങുക; ഫാസ്റ്റ് ബോളര്‍മാര്‍ക്കെതിരെ നിങ്ങള്‍ക്ക് കഴിയുന്നത്ര പരിശീലിക്കുക. ജസ്പ്രീത് ബുംറയെ അധികം നേരിടരുത്. കാരണം അയാള്‍ക്ക് നിങ്ങളെ കൊല്ലാന്‍ കഴിയും. മറ്റ് ബോളര്‍മാരോട് 22 വാരയ്ക്ക് പകരം 20 യാര്‍ഡില്‍ നിന്ന് പന്തെറിയാന്‍ ആവശ്യപ്പെടുക.

ഓസ്ട്രേലിയയില്‍ പന്ത് വേഗത്തില്‍ ബാറ്റിലേക്ക് വരും. നിങ്ങള്‍ കഠിനമായി പരിശീലിച്ചാല്‍, നിങ്ങള്‍ സാഹചര്യങ്ങളോടും പിച്ചുകളോടും വേഗം പൊരുത്തപ്പെടും. അഞ്ച് ദിവസത്തെ ഫോര്‍മാറ്റില്‍ ബാറ്റര്‍മാര്‍ ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്. ഈ നിര്‍ദ്ദേശം പിന്തുടര്‍ന്ന് നിങ്ങള്‍ക്ക് റണ്‍സ് സ്‌കോര്‍ ചെയ്യാം.

പുതിയ പന്തിന്റെ തിളക്കം നഷ്ടപ്പെട്ടതിന് ശേഷം ബാറ്റ് ചെയ്യാന്‍ ഏറ്റവും മികച്ചത് ഓസ്ട്രേലിയന്‍ പിച്ചുകളാണ്. ഇക്കാലത്ത്, പുതിയ പന്ത് സ്വിംഗ് ചെയ്യുകയും 10-12 ഓവര്‍ വരെ നീങ്ങുകയും ചെയ്യുന്നു- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

മുമ്പത്തെ രണ്ട് ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ 2-1 ന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി. യശസ്വി ജയ്സ്വാളും സര്‍ഫറാസ് ഖാനും ദേശീയ ടീമിനൊപ്പം ആദ്യമായാണ് ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്നത്.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര 0-3ന് തോറ്റ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ഓസ്ട്രേലിയയെ 4-0 ന് തോല്‍പ്പിക്കേണ്ടിവരും.