IPL 2025: കണ്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല, ആ കാവ്യ ചേച്ചിക്ക് വേണ്ടിയെങ്കിലും ഒന്ന് ജയിക്കെടാ, എന്നാലും ഇങ്ങനെയുമുണ്ടോ ഒരു ടീം, ആള്‍ക്കാരെകൊണ്ട് പറയിപ്പിക്കാന്‍

ഐപിഎലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ നേരിടാനൊരുങ്ങുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടൂര്‍ണമെന്റില്‍ തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങി നിലവില്‍ എറ്റവും അവസാന സ്ഥാനത്താണ് ഹൈദരാബാദുളളത്. കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരു ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ രണ്ട് പോയിന്റ് മാത്രമുളള സണ്‍റൈസേഴ്‌സ് ആദ്യ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മാത്രമാണ് വിജയിച്ചത്. പ്ലേഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കണമെങ്കില്‍ ഇന്നത്തെ മത്സരം അവര്‍ക്ക് വളരെ നിര്‍ണായകമാണ്. ഹോംഗ്രൗണ്ടായ ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരമെന്നതില്‍ അവര്‍ക്ക് കളിയില്‍ മുന്‍തൂക്കം നല്‍കുന്നു.

ഹൈദരാബാദില്‍ വച്ചു നടന്ന മത്സരങ്ങളില്‍ എല്ലാം തന്നെ വലിയ വിജയങ്ങള്‍ എതിര്‍ ടീമിനെതിരെ നേടാന്‍ സണ്‍റൈസേഴ്‌സിന് സാധിച്ചിരുന്നു. ഈ സീസണില്‍ തന്നെ രാജസ്ഥാനെതിരെ 286 റണ്‍സാണ് ഹൈദരാബാദ് അടിച്ചുകൂട്ടിയിരുന്നത്. ബാറ്റിങ്ങില്‍ ട്രാവിസ് ഹെഡ്-അഭിഷേക് ശര്‍മ്മ കൂട്ടുകെട്ട് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതാണ് ഈ സീസണില്‍ ഹൈദരാബാദിന് വലിയ തിരിച്ചടിയായത്. തുടക്കം തന്നെ വലിയ ഷോട്ടുകള്‍ക്ക് മുതിര്‍ന്നാണ് ഇരുവരും ഔട്ടാവാറുളളത്. ആക്രമണാത്മക ബാറ്റിങ് ശൈലി ചില സമയങ്ങളില്‍ അവര്‍ക്ക് തന്നെ പാരയാകുന്നു.

Read more

ബാറ്റിങ്ങില്‍ മൂന്നാമനായ ഇഷാന്‍ കിഷന്‍ ആദ്യ മത്സരത്തിലെ സെഞ്ച്വറിക്ക് ശേഷം പിന്നീട് കളി മറക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. നിതീഷ് കുമാര്‍ റെഡ്ഡിയും ഹെന്റിച്ച് ക്ലാസനുമൊക്കെ ബാറ്റിങ്ങില്‍ നന്നായി ശ്രമിക്കുന്നുണ്ടെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനാവുന്നില്ല. ബോളിങ്ങില്‍ മുഹമ്മദ് ഷമിയും പാറ്റ് കമ്മിന്‍സും ഉണ്ടെങ്കിലും മറ്റ് ബോളര്‍മാരില്‍ നിന്നും കാര്യമായ പ്രകടനങ്ങളില്ലാത്തത് ടീമിനെ വലയ്ക്കുന്നു. എന്തായാലും ഇന്ന് കൂടി തിളങ്ങാനായില്ലെങ്കില്‍ സണ്‍റൈസേഴ്‌സിന് പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സാധിക്കില്ല.