കോഹ്ലിയോട് പ്രതികാരം വീട്ടി റെയ്‌ന!

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെട്ട സുരേഷ് റെയ്‌ന നായകന്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് തകര്‍ത്താണ് വാര്‍ത്തകളില്‍ നിറയുന്നത്. ടി20യില്‍ ഏറ്റവും അധികം റണ്‍സ് സ്വന്തമാക്കിയ താരം എന്ന വിരാട് കോഹ്ലിയുടെ പേരിലുളള റെക്കോര്‍ഡാണ് റെയ്‌ന സ്വന്തം പേരില്‍ കുറിച്ചത്.

സയ്യിദ് മുഷ്താഖ് അളി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ഈ റെക്കോര്‍ഡ് റെയ്‌ന സ്വന്തമാക്കിയത്. ബംഗാളിനെതിരായ മത്സരത്തിന് മുമ്പ് ട്വന്റി-20 ഫോര്‍മാറ്റില്‍ റെയ്‌നയുടെ പേരില്‍ 7053 റണ്‍സും കോഹ്ലിയുടെ പേരില്‍ 7068 റണ്‍സുമാണ് ഉണ്ടായിരുന്നത്.

ഇതാണ് തകര്‍പ്പന്‍ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ റെയ്‌ന മറികടന്നത്. പശ്ചിമ ബംഗാളിനെതിരെ 59 പന്തില്‍ 126 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റെയ്‌ന ട്വന്റി-20യിലെ നാലാം സെഞ്ച്വറിയാണ് കുറിച്ചത്.

നിരാശാജനകമായ രഞ്ജി സീസണുശേഷം സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റിന്റെ തുടക്കത്തിലും റെയ്‌ന മോശം ഫോമിലായിരുന്നു.

Read more

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തിയ താരങ്ങളിലൊരാളായ 33കാരനായ റെയ്‌ന എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയാണ് ബംഗാളിനെതിരെ തകര്‍ത്തടിച്ചത്. ട്വന്റി-20യില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായ റെയ്‌ന ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരവുമാണ്.