ക്രിക്കറ്റിലെ 360 എന്ന് അറിയപ്പെടുന്ന താരമാണ് സൗത്ത് ആഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്യേഴ്‌സ്. താരത്തിന്റെ ബാറ്റിംഗ് സ്റ്റൈലിന് തന്നെ പ്രേത്യേക ആരാധക പിന്തുണയുണ്ട്. മത്സരം വിജയിച്ചാലും തോറ്റാലും ആരാധകർ അദ്ദേഹത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാണുന്നത് ഇരട്ടി സന്തോഷമാണ്.
ഇന്ത്യയുടെ 360 എന്ന് അറിയപ്പെടുന്ന താരമാണ് സൂര്യ കുമാർ യാദവ്. ഇന്ത്യൻ ടീമിലേക്ക് വൈകിയെത്തി ചുരുങ്ങിയ സമയം കൊണ്ട് ഇതിഹാസമായി മാറിയ താരമാണ് അദ്ദേഹം. ക്യാപ്റ്റനായ എല്ലാ മത്സരങ്ങളും വിജയിച്ചിട്ടുള്ള താരമാണ് സൂര്യ. എന്നാൽ കുറച്ച് നാളായി ബാറ്റിംഗിൽ താരം നിറം മങ്ങുകയാണ്. എ ബി ഡിവില്ലിയേഴ്സിനെയും ഇന്ത്യൻ ടി-20 നായകൻ സൂര്യകുമാർ യാദവിനെയും കുറിച്ചുള്ള താരതമ്യപ്പെടുത്തലുകളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുൻ താരം സഞ്ജയ് മഞ്ജരേക്കർ.
സഞ്ജയ് മഞ്ജരേക്കർ പറയുന്നത് ഇങ്ങനെ:
” മത്സരം ഒറ്റയ്ക്ക് വിജയിപ്പിക്കാനുള്ള കഴിവ് കണക്കിലെടുത്താൽ സൂര്യകുമാർ ഡിവില്ലിയേഴ്സിന്റെ പിൻഗാമിയാണെന്ന് പറയാൻ കഴിയും. എന്നാൽ ട്വന്റി 20 ക്രിക്കറ്റിൽ മാത്രമാണ് ഈ താരതമ്യം നടത്താൻ കഴിയുക. ഡിവില്ലിയേഴ്സ് ഒരു അസാധ്യ താരമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 50ൽ അധികം ബാറ്റിങ് ശരാശരിയുള്ള താരം. ഏകദിനത്തിലും ട്വന്റി 20യിലുമെല്ലാം ഡിവില്ലിയേഴ്സ് ഒരു സൂപ്പർ താരമാണ്” സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.