ടി20 ലോക കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നമീബിയയെ 9 വിക്കറ്റിന് തകര്‍ത്താണ് സെമി കാണാതെ പുറത്തായ ഇന്ത്യ നാട്ടിലേക്ക് മടങ്ങിയത്. രവി ശാസ്ത്രിയുടെ പരിശീലകനായുള്ള അവസാനത്തേതും കോഹ്ലിയുടെ ടി20 നായകനായുള്ള അവസാനത്തെയും മത്സരമായിരുന്നു ഇത്. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ വിജയമുറപ്പിച്ച സമയത്ത് മൂന്നാമനായി ബാറ്റിംഗിനറങ്ങാന്‍ അവസരം ലഭിച്ചിട്ടും കോഹ്ലി അതിന് മുതിര്‍ന്നില്ല. പകരം സൂര്യകുമാര്‍ യാദവിനെയാണ് ആ സ്ഥാനത്ത് ഇറക്കിയത്. ഇപ്പോഴിതാ ആ സാഹചര്യത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സൂര്യകുമാര്‍.
‘പുറം വേദനയെത്തുടര്‍ന്ന് ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ കളിക്കാനായിരുന്നില്ല. ഇത് എന്നെ വളരെ നിരാശനാക്കിയിരുന്നു. അതിനാല്‍ ഒരു ടി20 ലോക കപ്പ് മത്സരം കൂടി കളിക്കണമെന്ന് ഉണ്ടായിരുന്നു. ഞാന്‍ അരങ്ങേറ്റം നടത്തിയ ശേഷം എനിക്കായി ബാറ്റിംഗ് പൊസിഷന്‍ വിട്ടുതരാന്‍ കോഹ്‌ലി തയ്യാറായിരുന്നു.’
‘ഇംഗ്ലണ്ടിനെതിരേ എന്നെ മൂന്നാം നമ്പറിലിറക്കിയപ്പോള്‍ അദ്ദേഹം നാലാം നമ്പറിലാണിറങ്ങിയത്. ടി20 ലോക കപ്പിലും ഇത് തന്നെയാണ് നടന്നത്. എന്നോട് മൂന്നാം നമ്പറിലിറങ്ങാന്‍ പറഞ്ഞു. എനിക്ക് വലിയ സന്തോഷമാവുകയും ആസ്വദിച്ച് കളിക്കുകയും ചെയ്തു. ആ മത്സരത്തില്‍ ഞാന്‍ നോട്ടൗട്ട് ആയിരുന്നു’ സൂര്യകുമാര്‍ പറഞ്ഞു.
ഈ ലോക കപ്പില്‍ സൂര്യകുമാര്‍ യാദവിന് ബാറ്റ് ചെയ്യാന്‍ അധികം അവസരം ലഭിച്ചില്ലെന്നും ഈ ലോക കപ്പില്‍ നിന്നും നല്ല ഓര്‍മ്മകള്‍ കിട്ടാനാണ് അവന് അവസരം നല്‍കിയതെന്നും കോഹ്ലി ആ മത്സരശേഷം പറഞ്ഞിരുന്നു. മത്സരത്തില്‍ സൂര്യകുമാര്‍ 19 പന്തില്‍ 4 ഫോര്‍ സഹിതം 25 റണ്‍സ് നേടി പുറത്താകാതെ നിന്നു രാഹുലിനൊപ്പം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു.