അത്ഭുത ബാറ്റിങ്ങുമായി ഇന്ത്യന്‍ താരം; സിക്‌സുകളുടെ പൊടിപൂരം; റെക്കോര്‍ഡ്‌

ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറിയും ലോക ടി20 യിലെ വേഗമേറിയ രണ്ടാം സെഞ്ച്വറിയും ഇനി ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്റെ പേരില്‍. ഹിമാചല്‍ പ്രദേശിനെതിരായി നടന്ന സെയ്ദ് മുഷ്ദാഖ് അലി ടി20 മത്സരത്തില്‍ 32 ബോളില്‍ നിന്നാണ് താരം സെഞ്ച്വറി നേടിയത്. കളിയില്‍ 38 ബോളുകള്‍ നേരിട്ട പന്ത് 116 റണ്‍സാണ് പുറത്താകാതെ നേടിയത്. 12 സിക്‌സും എട്ട് ഫോറുമടങ്ങുന്നതായിരുന്നുപന്തിന്റെ ഇന്നിംഗ്‌സ്.

35 ബോളില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടെ പ്രകടനമായിരുന്നു ഇതു വരെ ഒരു ഇന്ത്യക്കാരന്റെ വേഗമേറിയ സെഞ്ച്വറി. പന്തിന് മുന്നില്‍ ഇനി ഉള്ളത് വെസ്റ്റന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ മാത്രമാണ്. 2013 ല്‍ പൂനെ വാരിയേഴ്‌സിനെതിരെ 30 പന്തില്‍ ഗെയില്‍ നേടിയ സെഞ്ച്വറിയാണ് ടി20 ലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി.

പന്തിന്റെ വെടിക്കെട്ടില്‍ ഹിമാചല്‍ പ്രദേശിനെതിരെ 10 വിക്കറ്റിന്റെ വിജയവും ഡല്‍ഹി സ്വന്തമാക്കി. ഹിമാചല്‍ പ്രദേശ് മുന്നോട്ട് വെച്ച 145 എന്ന വിജയ ലക്ഷ്യം 11.4 ഓവറില്‍ ഡല്‍ഹി മറികടന്നു. മറുവശത്ത് 33 ബോളില്‍ 30 റണ്‍സുമായി ഗൗതം ഗംഭീറും ഉണ്ടായിരുന്നു. അതിവേഗ സെഞ്ച്വറി കുറിച്ച റിഷബ് പന്തിന് യുവരാജ് ട്വിറ്ററിലൂടെ ആശംസനേര്‍ന്നു.