കേരള ടീമിന്റെ നായകനായി മോര്‍ഗണ്‍; സെവാഗും കളത്തില്‍

ക്രിക്കറ്റില്‍ പുതുചരിത്രമെഴുതാന്‍ ടി10 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഇന്ന തുടക്കം. ാല് ദിവസം നീണ്ട് നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ് ക്രിക്കറ്റ് കളിക്കളത്തിലേക്ക് തിരിച്ചുവരുന്ന മത്സരം എന്ന പ്രത്യേകതകൂടിയുണ്ട് ഈ ടൂര്‍ണ്ണമെന്റിന്. മറാത്ത അറേബ്യന്‍സ് എന്ന പേരിലുളള ടീമിന്റെ നായകനാണ് സെവാഗ്.

കേരളത്തിന്റെ പേരിലും ഈ ടൂര്‍ണ്ണമെന്റില്‍ ടീമുണ്ട്. ഇംഗ്ലീഷ് താരം ഇയാന്‍ മോര്‍ഗണാണ് കേരള കിംഗ്‌സിന്റെ നായകന്‍. രാത്രി 9:30ന് തുടങ്ങുന്ന മത്സരത്തില്‍ പാക് താരം സര്‍ഫറാസ് അഹമ്മദ് നയിക്കുന്ന ബംഗാള്‍ ടൈഗേഴ്‌സിനെ കേരള കിംഗ്‌സ് നേരിടും.

ബംഗാള്‍ ടൈഗേഴ്‌സ്, കേരളാ കിംഗ്‌സ്, മറാത്ത അറേബ്യന്‍സ് എന്നവരെ കൂടാതെ പഷ്തൂണ്‍സ്, പഞ്ചാബ് ലെജന്‍ഡ്‌സ്, ടീം ശ്രീലങ്ക എന്നീ ടീമകളും കളിക്കളത്തിലുണ്ടാകും. ഡിസംബര്‍ 14 മുതല്‍ 17 വരെയുള്ള നാല് ദിവസങ്ങളിലാണ് ടി10 ലീഗ് നടക്കുക.

വിരമിച്ചതും നിലവില്‍ വിവിധ ടീമുകളില്‍ കളിച്ചു കൊണ്ടിരിക്കുന്നതുമായ നിരവധി പ്രശസ്ത താരങ്ങളാണ് ആദ്യ ടി10 ക്രിക്കറ്റ് ലീഗിന്റെ ഭാഗമാവുക. പാകിസ്ഥാന്‍ താരങ്ങളായ ഷഹീദ് അഫ്രീദി, മുഹമ്മദ് ആമിര്‍, മിസ്ബാ ഉള്‍ഹഖ്, ശ്രീലങ്കയുടെ ദിനേശ് ചണ്ടിമാല്‍, ലാഹിരു തിരിമാനേ, ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയില്‍സ്, വെസ്റ്റിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ തുടങ്ങിയവരെല്ലാം വിവിധ ടീമുകള്‍ക്കായി കളിക്കുന്നുണ്ട്. വസീം അക്രം, വഖാര്‍ യൂനിസ്, റോബിന്‍ സിംഗ് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ വിവിധ ടീമുകളുടെ പരിശീലകരായും ടി10 ലീഗിനുണ്ട്.