ഇന്ത്യക്കെതിരായ ടി20 പരമ്പര: ശ്രീലങ്കയ്ക്ക് രാജസ്ഥാന്‍ റോയല്‍സില്‍നിന്ന് സഹായം, വെളിപ്പെടുത്തി ജയസൂര്യ

മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ശ്രീലങ്ക ഈ മാസം 27 മുതല്‍ ഇന്ത്യയെ നേരിടും. 2024 ലെ ഐസിസി ടി20 ലോകകപ്പിലെ പരാജയത്തിന് ശേഷം ആതിഥേയരുടെ ഇടക്കാല പരിശീലക ചുമതല സനത് ജയസൂര്യയ്ക്കാണ്. തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഡയറക്ടറായ സുബിന്‍ ബറൂച്ചയെ ശ്രീലങ്ക ടീമിലെത്തിച്ചിട്ടുണ്ട്.

യശസ്വി ജയ്സ്വാളിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ബറൂച്ച ശ്രീലങ്കന്‍ താരങ്ങള്‍ക്കൊപ്പം ആറ് ദിവസത്തെ വര്‍ക്ക്ഷോപ്പ് നടത്തിയിരുന്നുവെന്ന് സനത് ജയസൂര്യ വെളിപ്പെടുത്തി. ‘എല്ലാ കളിക്കാരും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. അവര്‍ക്ക് കളി സമയം ലഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു,’ സനത് ജയസൂര്യയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

”ഞങ്ങള്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സുന്‍ബിന്‍ കൊണ്ടുവന്നു. അവന്‍ ആറ് ദിവസം കളിക്കാര്‍ക്കൊപ്പമുണ്ടായിരുന്നു. സാങ്കേതികതയിലും പരിശീലനത്തിലും കളിക്കാര്‍ അദ്ദേഹത്തില്‍ നിന്ന് അറിവ് നേടിയിട്ടുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പുതിയ കാര്യങ്ങളെക്കുറിച്ച് പഠിക്കുന്നത് പ്രധാനമാണ്, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീം

ചരിത് അസലങ്ക (c), പാതും നിസ്സാങ്ക, കുസല്‍ ജനിത് പെരേര (WK), അവിഷ്‌ക ഫെര്‍ണാണ്ടോ, കുസല്‍ മെന്‍ഡിസ് (WK), ദിനേശ് ചണ്ഡിമല്‍, കമിന്ദു മെന്‍ഡിസ്, ദസുന്‍ ഷനക, വണിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, ചാമിന്ദു വിക്രമസിംഗ് തുഷാര, ദുഷ്മന്ത ചമീര, ബിനുര ഫെര്‍ണാണ്ടോ.