ചിരവൈരികളായ ഇന്ത്യയോട് മറ്റൊരു ടി20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാന്‍ തോറ്റതില്‍ നിരാശ പ്രകടിപ്പിച്ച് ഇതിഹാസ പേസര്‍ ശുഐബ് അക്തര്‍. തന്റെ ടീം തോല്‍വിക്ക് കീഴടങ്ങുമ്പോഴെല്ലാം യാന്ത്രികമായി ‘നിരാശയും വേദനയും’ എന്നെഴുതിയ വാചകം തയ്യാറാക്കുന്നതിലെ വേദന അക്തര്‍ തുറന്നുപറഞ്ഞു.
വളരെ നിരാശാജനകമാണ്. പാകിസ്ഥാന് ഇത് ഒരു റണ്‍-എ-ബോള്‍ അവസരമായിരുന്നു. നേരത്തെ, ഇന്ത്യയുടെ മധ്യനിര അത് കുഴപ്പത്തിലാക്കി. പല കാര്യങ്ങളും സംശയാസ്പദമാണ്, അവരുടെ ഉദ്ദേശം, പ്രയോഗം… ടീമിന് ഇത് ശരിക്കും സങ്കടകരമാണ്. ഈ കളി പാകിസ്ഥാന്‍ ജയിക്കണമായിരുന്നു. ഫഖര്‍ ഉള്ളപ്പോള്‍ അവര്‍ക്ക് 47 പന്തില്‍ 46 റണ്‍സ് മതിയായിരുന്നു- അക്തര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ആദ്യ മത്സരത്തില്‍ അമേരിക്കയോട് തോറ്റ പാകിസ്ഥാന് മുന്നോട്ടുള്ള കുതിപ്പില്‍ ഇന്ത്യയ്ക്കെതിരെ വിജയിക്കേണ്ടത് നിര്‍ണായകമായിരുന്നു. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 120 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനെ ആയുള്ളു.
44 ബോളില്‍ 31 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ബാബര്‍ അസം 13, ഉസ്മാന്‍ ഖാന്‍ 13, ഫഖര്‍ സമാന്‍ 13, ഇമാസ് വാസിം 15 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി ബോളര്‍മാര്‍ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹാര്‍ദ്ദിക് രണ്ടും അര്‍ഷ്ദീപ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.