ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ത്തന്നെ കുഞ്ഞന്മാരായ യുഎസ്എയോട് തോല്‍വി വഴങ്ങിയതിന്റെ ഞെട്ടലിലാണ് പാകിസ്ഥാന്‍. സൂപ്പര്‍ ഓവറിലായിരുന്നു യുഎസ്എയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 7 വിക്കറ്റിന് 159 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അമേരിക്കയും 159 റണ്‍സെടുത്തു. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്കെത്തി.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 18 റണ്‍സെടുത്തപ്പോള്‍ മറുപടിയായ് പാകിസ്ഥാന് 13 റണ്‍സാണ് നേടാനായത്. ഇതോടെ അമേരിക്ക അഞ്ച് റണ്‍സിന്റെ അട്ടിമറി വിജയം നേടി.
പാകിസ്ഥാനെതിരായ അമേരിക്കയുടെ വിജയത്തില്‍ കൈയടി മുഴുവന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാണ്. ഇന്ത്യയുടെ മുന്‍ ലോകകപ്പ് ഹീറോയടക്കം അമേരിക്കന്‍ ടീമിലെ അഞ്ച് സൂപ്പര്‍ താരങ്ങളും ഇന്ത്യക്കാരാണ് എന്നതാണ് ശ്രദ്ധേയം.
അമേരിക്കന്‍ ടീമിന്റെ നായകനും വിക്കറ്റ് കീപ്പറുമായ മൊനാക് പട്ടേല്‍ ഇന്ത്യന്‍ വംശജനാണ്. ഗുജറാത്തിനായി അണ്ടര്‍ 16, 18 ടീമുകളില്‍ മൊനാക് കളിച്ചിട്ടുണ്ട്. പിന്നീട് അമേരിക്കയിലേക്ക് കുടിയേറിയ മൊനാക്ക് 2019 മാര്‍ച്ചിലാണ് അമേരിക്കന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം നടത്തുന്നത്. 2021ലാണ് നായകസ്ഥാനത്തേക്ക് അദ്ദേഹം എത്തുന്നത്. പാകിസ്ഥാനെ അമേരിക്ക തോല്‍പ്പിച്ചപ്പോള്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് മൊനാക് പട്ടേലാണ്. മത്സരത്തില്‍ 38 പന്തില്‍ 7 ഫോറും 1 സിക്സും ഉള്‍പ്പെടെ 50 റണ്‍സ് താരം നേടി.
സൂപ്പര്‍ ഓവറില്‍ പാകിസ്ഥാന്‍ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത് സൗരഭ് നേത്രാവല്‍ക്കറാണ്. മുംബൈക്കാരനായ നേത്രാവല്‍ക്കര്‍ 2010ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. പാകിസ്ഥാനെതിരേ 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ നേത്രാവല്‍ക്കര്‍ സൂപ്പര്‍ ഓവറിലൂടെ അമേരിക്കയുടെ വിജയ ശില്‍പ്പിയായി.
അമേരിക്കന്‍ പേസര്‍ ഹര്‍മീത് സിംഗും ഇന്ത്യക്കാരനാണ്. 2012ല്‍ കപ്പ് നേടിയ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ടീമിലെ അംഗമായിരുന്നു ഹര്‍മീത് സിംഗ്. മൂന്നാമത്തെ താരം നിസാര്‍ഗ് പട്ടേലാണ്. ഇടം കൈയന്‍ സ്പിന്‍ ബോളറായ നിസാര്‍ഗ് ഗുജറാത്ത് കാരനാണ്. നിസാര്‍ഗ് വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്. പാകിസ്ഥാനെതിരേ കളിച്ചില്ലെങ്കിലും ലോകകപ്പ് ടീമില്‍ അദ്ദേഹവും ഉള്‍പ്പെട്ടിട്ടുണ്ട്.
മിലിന്‍ഡ് കുമാറാണ് മറ്റൊരു താരം. പാകിസ്ഥാനെതിരേ കളിച്ചില്ലെങ്കിലും അമേരിക്കയുടെ ലോകകപ്പ് ടീമില്‍ ഈ ഇന്ത്യന്‍ വംശജനുമുണ്ട്. ഡല്‍ഹിക്കാരനായ മിലിന്‍ഡ് കുമാര്‍ രഞ്ജി ട്രോഫിയും കളിച്ചിട്ടുണ്ട്.