ടി20 ലോകകപ്പ് 2024: ബംഗ്ലാദേശിന്റെ നാല് റണ്‍സ് തോല്‍വി, പിന്നില്‍ ഐസിസിയുടെ കാലഹരണപ്പെട്ടതും തെറ്റായതുമായ നിയമങ്ങള്‍

2024 ലെ ഐസിസി ടി20 ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ നാല് റണ്‍സിന് തോല്‍പ്പിച്ചു. എന്നിരുന്നാലും, ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് പ്രോട്ടീസ് അല്ല, കാലഹരണപ്പെട്ട നിയമമാണ്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഗെയിം പുതിയ രാജ്യങ്ങളിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുമ്പോഴും നിയമങ്ങളുടെയും ചട്ടങ്ങളുടെയും കാര്യത്തില്‍ ക്രിക്കറ്റ് പിന്നോക്കം തുടരുകയാണ്.

ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും തമ്മിലുള്ള ലോകകപ്പ് മത്സരത്തില്‍, ഓണ്‍-ഫീല്‍ഡ് അമ്പയര്‍ തെറ്റായ തീരുമാനമെടുത്തില്ലെങ്കില്‍ ബംഗ്ലാദേശ് ഗെയിം വിജയിക്കുമായിരുന്നു. ബംഗ്ലാദേശ് ചേസിന്റെ 17-ാം ഓവറില്‍, ഒട്ട്നീല്‍ ബാര്‍ട്ട്മാന്റെ രണ്ടാം പന്ത് മഹമ്മദുള്ളയുടെ പാഡില്‍ തട്ടി, ബോളറുടെ അപ്പീലില്‍ അമ്പയര്‍ വിരല്‍ ഉയര്‍ത്തി. പക്ഷേ പന്ത് അപ്പോള്‍ ഫോര്‍ പോയിരുന്നു.

ബാറ്റര്‍ ഡിആര്‍എസ് എടുത്തു, മൂന്നാം അമ്പയര്‍ തീരുമാനം മാറ്റി. മഹമ്മദുല്ല രക്ഷപ്പെട്ടെങ്കിലും ചട്ടപ്രകാരം പന്ത് ഡെഡ് ആയതിനാല്‍ ഫോര്‍ നല്‍കിയില്ല. അവസാനം നാല് റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ പരാജയം. ദക്ഷിണാഫ്രിക്കയുടെ അപ്പീല്‍ അമ്പയര്‍ തള്ളിയിരുന്നെങ്കില്‍ ബംഗ്ലാദേശിന് നാല് റണ്‍സ് ലഭിക്കുമായിരുന്നു.

ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍ ഈ കാലഹരണപ്പെട്ട നിയമം ഉയര്‍ത്തിക്കാട്ടി മാറ്റം ആവശ്യമാണെന്ന് വാദിച്ച് രംഗത്ത് വന്നിട്ടുണ്ട്. കൂടുതല്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരും ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read more