ടി20 ലോകകപ്പ് 2024: ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ, വമ്പന്‍ സര്‍പ്രൈസ്, ഇന്ത്യയ്ക്ക് ഞെട്ടല്‍

2024 ലെ ടി20 ലോകകപ്പിലെ ഏറ്റവും മികച്ച സംയുക്ത ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യയെ ഫൈനലില്‍ വരെ പരാജയമില്ലാതെ നയിച്ച നായകന്‍ രോഹിത് ശര്‍മ്മ ലൈനപ്പിന്റെ ഭാഗമാണെങ്കിലും അദ്ദേഹത്തെ ക്യാപ്റ്റനായി ഓസ്ട്രേലിയ തിരഞ്ഞെടുത്തിട്ടില്ല. അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ് എന്നിവരെ ഒഴിവാക്കിയതും ശ്രദ്ധേയമാണ്. രോഹിത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ മാത്രമാണ് ഇലവനില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരങ്ങള്‍.

രോഹിതും ട്രാവിസ് ഹെഡുമാണ് ഓസീസ് തിരഞ്ഞെടുത്ത ടീമിലെ ഓപ്പണര്‍മാര്‍. ഋഷഭ് പന്തിന് പകരം നിക്കോളാസ് പൂരനെ ടീമിന്റെ മൂന്നാം നമ്പര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമാക്കി. ലോകകപ്പില്‍ യു.എസ്.എ.ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയവരില്‍ ഒരാളായ ആരോണ്‍ ജോണ്‍സാണ് നാലാമന്‍.

മാര്‍ക്കസ് സ്റ്റോയിനിസും ഹാര്‍ദിക് പാണ്ഡ്യയുമാണ് യഥാക്രമം അഞ്ചിലും ആറിലും ബാറ്റ് ചെയ്യുന്ന രണ്ട് പ്രധാന ഓള്‍റൗണ്ടര്‍മാര്‍. ഐസിസി ഇവന്റില്‍, 7 മത്സരങ്ങളില്‍ നിന്ന് 139 റണ്‍സും 8 വിക്കറ്റും നേടിയ ഹാര്‍ദിക് പാണ്ഡ്യ ശ്രദ്ധേയനാണ്. അഫ്ഗാനിസ്ഥാനെ ചരിത്ര വിജയത്തിലേക്ക് നയിച്ച റാഷിദ് ഖാനെ ക്രിക്കറ്റ് ഓസ്ട്രേലിയ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.

ടി20 ലോകകപ്പ് സെമിഫൈനലിലേക്ക് അഫ്ഗാനിസ്ഥാന്റെ ശ്രദ്ധേയമായ കുതിപ്പിന് റാഷിദ് ഖാന്‍ നേതൃത്വം നല്‍കി. കരുത്തരായ ഓസ്ട്രേലിയയെയും ന്യൂസിലന്‍ഡിനെയും അവര്‍ പരാജയപ്പെടുത്തി. ടൂര്‍ണമെന്റില്‍ 14 വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. അതേസമയം, റിഷാദ് ഹൊസൈനാണ് നിരയിലെ രണ്ടാമത്തെ സ്പിന്നര്‍.

ടൂര്‍ണമെന്റില്‍ 17 വിക്കറ്റ് വീഴ്ത്തിയ ഫസല്‍ഹഖ് ഫാറൂഖിയും ഇന്ത്യയുടെ ജസ്പ്രീത് ബുംറയുമാണ് പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. ആന്റിച്ച് നോര്‍ട്ട്‌ജെയും ടീമില്‍ ഇടംപിടിച്ചപ്പോള്‍ അര്‍ഷ്ദീപ് സിംഗ് പുറത്തായി.

ക്രിക്കറ്റ് ഓസ്ട്രേലിയ ടി20 ലോകകപ്പ് ഇലവന്‍

രോഹിത് ശര്‍മ, ട്രാവിസ് ഹെഡ്, നിക്കോളാസ് പൂരന്‍, ആരോണ്‍ ജോണ്‍സ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍ (സി), റിഷാദ് ഹൊസൈന്‍, ആന്റിച്ച് നോര്‍ട്ട്‌ജെ, ജസ്പ്രീത് ബുംറ, ഫസല്‍ഹഖ് ഫാറൂഖി.

Read more