ചൊവ്വാഴ്ച ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ടിൻ്റെ ടീമിൽ ജോഫ്ര ആർച്ചർ തിരഞ്ഞെടുക്കപ്പെട്ടു എന്നതാണ് ക്രിക്കറ്റ് ആരാധകരെ ഏറ്റവും അത്ഭുതപ്പെടുത്തിയ വാർത്ത. പരിക്കുകളാൽ കരിയർ പാളം തെറ്റിയ ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ബൗളർമാരിൽ ഒരാളുടെ തിരിച്ചുവരവ് ആഘോഷിക്കാൻ പോകുകയാണ് ആരാധകർ.
29 കാരനായ ആർച്ചർ 2021 മുതൽ ഒരു ഫോർമാറ്റിലും ഇംഗ്ലണ്ടിനായി കളിച്ചിട്ടില്ല. പ്രധാനമായും രണ്ട് ഓപ്പറേഷനുകൾക്ക് വിധേയനായ താരം വലതുകൈമുട്ടിലെ പ്രശ്നം കാരണമാണ് ക്രിക്കറ്റിൽ നിന്ന് ബ്രേക്ക് എടുത്തത്. 2019 ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ട് സ്വന്തമാക്കുമ്പോൾ അത് ആർച്ചറുടെ മികവിൽ കൂടി ആയിരുന്നു.
പാക്കിസ്ഥാനെതിരായ നാല് മത്സരങ്ങളുടെ ട്വൻ്റി 20 പരമ്പരയിലും തുടർന്ന് കരീബിയൻ, അമേരിക്ക എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിലും കളിക്കാൻ അദ്ദേഹം ഫിറ്റ്നസ് നിലനിർത്തുമെന്ന് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നു.ജൂൺ നാലിന് ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ സ്‌കോട്ട്‌ലൻഡിനെതിരെയാണ് ഇംഗ്ലണ്ടിൻ്റെ ഉദ്ഘാടന മത്സരം.
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കഴിഞ്ഞ ആഴ്‌ചകളിൽ മികച്ച പ്രകടനങ്ങൾ നടത്തിയ ജോണി ബെയർസ്റ്റോയും വിൽ ജാക്‌സും 15 അംഗ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇടംകൈയ്യൻ സ്പിന്നിംഗ് ഓൾറൗണ്ടർ ടോം ഹാർട്ട്ലിയാണ് ഗ്രൂപ്പിലെ ഏക അൺക്യാപ്പ് താരം. മൂന്നാം ടി20 ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇംഗ്ലണ്ടിനെ ജോസ് ബട്ട്‌ലർ നയിക്കും.
ഇംഗ്ലണ്ട് ടീം: ജോസ് ബട്ട്‌ലർ (സി), മോയിൻ അലി, ജോഫ്ര ആർച്ചർ, ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, സാം കുറാൻ, ബെൻ ഡക്കറ്റ്, ടോം ഹാർട്ട്‌ലി, വിൽ ജാക്ക്‌സ്, ക്രിസ് ജോർദാൻ, ലിയാം ലിവിംഗ്‌സ്റ്റൺ, ആദിൽ റഷീദ്, ഫിൽ സാൾട്ട്, റീസ് ടോപ്‌ലി, മാർക്ക് വുഡ്.