ടി20 ലോകകപ്പ് 2024: 'ഇന്ത്യയെ വീഴ്ത്താന്‍ അവന്‍ ഒറ്റയ്ക്ക് മതി'; പാക് താരത്തെ പ്രശംസിച്ച് കൈഫ്

ടി20 ലോകകപ്പ് 2024 മത്സരത്തിന് മുമ്പ് പാകിസ്ഥാന്‍ പേസര്‍ നസീം ഷായ്‌ക്കെതിരെയും ഫഖര്‍ സമാനെതിരെയും ഇന്ത്യ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫിന്റെ മുന്നറിയിപ്പ്. പാകിസ്ഥാന്റെ ബാറ്റിംഗ് ദുര്‍ബലമാണെങ്കിലും ബോളിംഗ് നിരയെയാണ് ഭയക്കേണ്ടതെന്ന് കൈഫ് പറഞ്ഞു. ജൂണ്‍ 9 ന് ന്യൂയോര്‍ക്കിലാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.

പാകിസ്ഥാന് മികച്ച പേസര്‍മാരുണ്ട്. ഷഹിന്‍ ഷാ അഫ്രീദി, നസിം ഷാ എന്നിവര്‍ മികച്ചവരാണ്. നസീം ഏകദിന ലോകകപ്പ് കളിച്ചിരുന്നില്ല. പരിക്കിനെത്തുടര്‍ന്നാണ് അവന്‍ പുറത്തിരുന്നത്. ന്യൂയോര്‍ക്കിലേത് ബൗണ്‍സ് നിറഞ്ഞ പിച്ചാണ്.

നസീം ഷാ മികച്ച പേസ് ബോളറാണ്. മെല്‍ബണില്‍ കോഹ്‌ലിയുടെ ക്യാച്ചവസരം തുടക്കത്തിലേ സൃഷ്ടിച്ച ബോളറാണ് നസീം. അവന്റെ വേഗത്തെ കരുതിയിരിക്കണം. ഫഖര്‍ സമാന്‍ വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ്. അവന്‍ ശോഭിച്ചാല്‍ ഒറ്റക്ക് മത്സരത്തെ മാറ്റിമറിക്കാന്‍ ഫഖറിന് കഴിവുണ്ട്.

ഇഫ്തിഖര്‍ അഹമ്മദും അല്‍പ്പം വേഗത്തില്‍ ബാറ്റ് ചെയ്യുന്ന താരമാണ്. മറ്റ് താരങ്ങളെല്ലാം 120, 125 സ്ട്രൈക്ക് റേറ്റിലാണ് കളിക്കുന്നത്. പാകിസ്ഥാന്റെ ബാറ്റിംഗ് നിര അല്‍പ്പം ദുര്‍ബലമാണെന്ന് എല്ലാവര്‍ക്കും അറിയാം. ബാറ്റിംഗ് ദുര്‍ബലമാണെങ്കിലും പാകിസ്ഥാന്റെ ബോളിംഗ് നിരയെയാണ് ഭയക്കേണ്ടത്- കൈഫ് പറഞ്ഞു.