ഈ വര്‍ഷം അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ വിജയികളെ പ്രവചിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ഇന്ത്യ കിരീടം ചൂടില്ലെന്നാണ് വോണിന്റെ പ്രവചനം. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരെയെല്ലാം തഴഞ്ഞ വോണ്‍ ഓസ്ട്രേലിയയാവും കപ്പടിക്കുകയെന്നാണ് പ്രവചിച്ചിരിക്കുന്നത്.
ഓസ്ട്രേലിയ ടി20 ലോകകപ്പ് കിരീടം നേടുമെന്നാണ് കരുതുന്നത്. നിലവില്‍ ഏകദിന ലോകകപ്പ് ജേതാക്കളാണവര്‍. ഓസ്ട്രേലിയയുടെ ബാറ്റിംഗ് നിര ശക്തമാണ്. ടി20 കളിക്കാന്‍ ആവശ്യമായ ശക്തമായ നിര അവര്‍ക്കുണ്ട്. ഹെഡ്, മാര്‍ഷ്, മാക്സ് വെല്‍, ഇന്‍ഗ്ലിസ്, ഡേവിഡ്, ഷോര്‍ട്ട്, വേഡ് എന്നിങ്ങനെ ടി20 സ്പെഷ്യലിസ്റ്റ് താരങ്ങള്‍ നിരവധിയാണ്. ബോളിംഗ് നിരയിലും അവര്‍ ശക്തരാണ്- മൈക്കല്‍ വോണ്‍ പറഞ്ഞു.
ജൂണ്‍ ഒന്നുമുതല്‍ 29 വരെയാണ് ടി20 ലോകകപ്പ് നടക്കുക. യുഎസ്എയും കാനഡയും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യയും പാകിസ്താനും തമ്മില്‍ ന്യൂയോര്‍ക്കില്‍ ജൂണ്‍ ഒന്‍പതിന് നേരിടും. 20 ടീമുകളാണ് മത്സരത്തിനുണ്ടാവുക.
ഇന്ത്യ വലിയ കിരീട പ്രതീക്ഷയോടെയാണ് ടൂര്‍ണമെന്റിന് സജ്ജമാകുന്നത്. ഏകദിന ലോകകപ്പിന് പിന്നാലെ രോഹിത് ശര്‍മ്മ തന്നെയാണ് ടി20 ലോകകപ്പിലും ഇന്ത്യയെ നയിക്കുന്നത്.