ജൂണ്‍ 9 ന് നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യയ്‌ക്കെതിരായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് 2024 പോരാട്ടത്തില്‍ രോഹിത് ശര്‍മ്മയെ പുറത്താക്കുന്നതിനുള്ള തന്ത്രം പങ്കുവെച്ച് പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ ലോകോത്തര ബാറ്ററെന്ന് താരം ന്യൂബോളില്‍ രോഹിതിന്റെ പാഡുകളെ ലക്ഷ്യമിടാനുള്ള തന്റെ പദ്ധതി വെളിപ്പെടുത്തി.
രോഹിത് ശര്‍മ ലോകോത്തര ബാറ്ററാണെന്നു നിങ്ങള്‍ക്കറിയാം. തന്റെ സമയത്തിലേക്കു വന്നാല്‍ അദ്ദേഹം ആരെയും വെറുതെ വിടില്ല. ഒരു ബോളറെന്ന നിലയില്‍ തുടക്കത്തില്‍ മാത്രമേ രോഹിത്തിനെതിരേ വിക്കറ്റെടുക്കാന്‍ അവസരമുള്ളൂ.
തുടക്കത്തില്‍ ഒന്നെങ്കില്‍ രോഹിത്തിന്റെ പാഡുകളിലെറിയണം, അല്ലെങ്കില്‍ ബാറ്റിലെറിയണം. പക്ഷെ അദ്ദേഹം 15-20 ബോളുകള്‍ നേരിട്ടു കഴിഞ്ഞാല്‍ പുറത്താക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും.
അതുകൊണ്ടു തന്നെ എന്റെ ലക്ഷ്യം രോഹിത്തിന്റെ പാഡുകളായിരിക്കും. ന്യൂബോള്‍ അദ്ദേഹത്തിന്റെ പാഡുകളിലെറിയാന്‍ ഞാന്‍ ശ്രമിക്കും. നേരത്തേ അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്- ആമിര്‍ വ്യക്തമാക്കി.
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ രോഹിത് മികച്ച ഫോം പ്രകടിപ്പിച്ചു. പരിക്കിനെത്തുടര്‍ന്ന് ക്രീസ് വിടുന്നതിന് മുമ്പ് താരം 37 പന്തില്‍നിന്ന് 52 റണ്‍സ് നേടി. മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന്റെ ജയവും സ്വന്തമാക്കി.