ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനെക്കുറിച്ചുള്ള തന്റെ ഉള്‍ക്കാഴ്ചകള്‍ പങ്കുവെച്ചു പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ്. സ്വന്തം ദേശീയ ടീമായ പാകിസ്ഥാനെ ഒഴിവാക്കി ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് താന്‍ വിശ്വസിക്കുന്ന മൂന്ന് ടീമുകളെ ഹഫീസ് വെളിപ്പെടുത്തി.
ഇന്ത്യ, നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട്, മുന്‍ ജേതാക്കളും ആതിഥേയരുമായ വെസ്റ്റ് ഇന്‍ഡീസ് എന്നിവരെയാണ് ലോകകപ്പിലെ ഫേവറിറ്റ് ടീമുകളായി ഹഫീസ് ചൂണ്ടിക്കാണിച്ചത്. ഓരോ ടീമിന്റെയും കരുത്ത് ഉദ്ധരിച്ച് ഹഫീസ് തന്റെ സെലക്ഷനുകള്‍ വിശദീകരിച്ചു.
കരീബിയന്‍ സാഹചര്യങ്ങളില്‍ മികവ് പുലര്‍ത്താന്‍ ഇന്ത്യക്ക് തന്ത്രപരമായ നേട്ടവും ശരിയായ ടീം രൂപീകരണവും ഉണ്ടെന്ന് അദ്ദേഹം കണക്കുകൂട്ടി. ആതിഥേയ രാഷ്ട്രമെന്ന നിലയില്‍, വെസ്റ്റ് ഇന്‍ഡീസിന് സ്വാഭാവികമായും ഒരു ഹോം നേട്ടമുണ്ട്, പ്രാദേശിക സാഹചര്യങ്ങളുമായുള്ള പരിചയം അവരുടെ പ്രകടനത്തെ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് ഹഫീസ് ചൂണ്ടിക്കാട്ടി. കരീബിയന്‍ പിച്ചുകളില്‍ മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള ശക്തമായ മത്സരാര്‍ത്ഥിയാണ് ഇംഗ്ലണ്ടെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
നന്നായി പെര്‍ഫോം ചെയ്യണമെന്നു എന്റെ ഹൃദയം ആഗ്രഹിക്കുന്ന ഒരു ടീമിനെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ ആദ്യം പറയുക പാകിസ്ഥാന്റെ പേരായിരിക്കും. എന്നാല്‍ തന്ത്രങ്ങളും ശരിയായ കോമ്പിനേഷനുമാണ് ഞാന്‍ പരിഗണിക്കുന്നതെങ്കില്‍ ഇന്ത്യക്കു വെസ്റ്റ് ഇന്‍ഡീസില്‍ നന്നായി പെര്‍ഫോം ചെയ്യാനാവുമെന്നു ഞാന്‍ കരുതുന്നു. ഇന്ത്യക്കൊപ്പം വെസ്റ്റ് ഇന്‍ഡീസും ലോകകപ്പില്‍ വളരെ മികച്ച പ്രകടനം നടത്തും. കൂടാതെ ഇംഗ്ലണ്ടും കരീബിയന്‍ പിച്ചുകളില്‍ തിളങ്ങാന്‍ സാധിക്കുന്ന ടീമാണ- ഹഫീസ് വ്യക്കമാക്കി.