വരാനിരിക്കുന്ന ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ ഉള്‍പ്പെടുത്തിയേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കോഹ്‌ലിയെ പോലൊരു സൂപ്പര്‍ താരത്തെ മാറ്റിനിര്‍ത്തുന്നത് സാഹസികതയാണെന്നാണ് പൊതുവികാരം. ലോകകപ്പ് ടീമില്‍നിന്ന് കോഹ്‌ലിയെ മാറ്റിനിര്‍ത്താനുള്ള നിര്‍ദേശം മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുടേതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കോഹ്‌ലിയുടെ സ്ട്രൈക്ക് റേറ്റ് ടി20ക്ക് അനുയോജ്യമല്ലെന്ന അഭിപ്രായമാണ് അഗാര്‍ക്കര്‍ക്കുള്ളത്. 130ന് താഴെയാണ് കോഹ്‌ലിയുടെ സ്ട്രൈക്ക് റേറ്റ്. കോഹ്‌ലി മൂന്നാം നമ്പറിലാണ് ഇന്ത്യക്കായി ടി20 കളിക്കുന്നത്. ഈ പൊസിഷനില്‍ കളിക്കുമ്പോള്‍ പലപ്പോഴും പവര്‍പ്ലേയില്‍ ബാറ്റുചെയ്യേണ്ടി വരും. കോഹ്‌ലി ബാറ്റുചെയ്യുമ്പോള്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കാതെ വരും.
പവര്‍പ്ലേ മുതലാക്കാന്‍ ശേഷിയുള്ള മികച്ച യുവതാരങ്ങള്‍ മൂന്നാം നമ്പറില്‍ അവസരം തേടുന്നുണ്ട്. അതുകൊണ്ടുതന്നെ കോഹ്‌ലിയുടെ സീനിയോരിറ്റി മാത്രം പരിഗണിച്ച് ടീമില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് അഗാര്‍ക്കര്‍ പറയുന്നത്.
അമേരിക്കയും വെസ്റ്റിന്‍ഡീസും സംയുക്തമായാണ് ടി20 ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്. ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ മാത്രമേ അമേരിക്കയില്‍ നടക്കുകയുള്ളൂ. ഫൈനലുള്‍പ്പെടെ ബാക്കിയെല്ലാ മത്സരങ്ങളും വിന്‍ഡീസില്‍ നടക്കും.
20 ടീമുകളാണ് കുട്ടി ക്രിക്കറ്റിലെ ലോക ചാംപ്യന്‍ പട്ടത്തിനു വേണ്ടി പോരടിക്കുക. ഇതാദ്യമായാണ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇത്രയുമധികം ടീമുകള്‍ അണിനിരക്കുന്നത്. ജൂണ്‍ ഒന്നിന് ടൂര്‍ണമെന്റ് ആരംഭിക്കും.