ടി20 ലോകകപ്പ് 2024: പാകിസ്ഥാന്‍ ടീമിന്റെ പുറത്താകല്‍, വിചിത്ര പ്രസ്താവന നടത്തി കമ്രാന്‍ അക്മല്‍, കൊട്ട് കോഹ്‌ലിക്കിട്ട്

2024ലെ ഐസിസി ടി20 ലോകകപ്പില്‍നിന്ന് പാകിസ്ഥാന്‍ പുറത്തായതിന് പിന്നാലെ മറ്റൊരു വിചിത്ര പ്രസ്താവന നടത്തി കമ്രാന്‍ അക്മല്‍. ടി20 ലോകകപ്പില്‍ വിരാട് കോഹ്ലിയെക്കാള്‍ മികച്ച സ്ഥിതിവിവരക്കണക്കുകള്‍ തന്റെ സഹോദരന്‍ ഉമര്‍ അക്മലിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ടി20 ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോററാണ് കോഹ്ലി. കൂടാതെ ഗെയിമിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ നിരവധി റെക്കോര്‍ഡുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. മറുവശത്ത്, ഉമര്‍ പാകിസ്ഥാന്‍ ടീമില്‍ ഇല്ല. അദ്ദേഹത്തിന്റെ കരിയര്‍ ഏതാണ്ട് അവസാനിച്ചു.

വിരാട് കോഹ്ലിയെക്കാള്‍ മികച്ച സ്ട്രൈക്ക് റേറ്റും കൂടുതല്‍ റണ്‍സും ഉമറിനുണ്ടെന്ന് കാണിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ എന്റെ പക്കലുണ്ട്. ഉമര്‍ ഇപ്പോള്‍ കോഹ്ലിയുടെ അടുത്താണ്.

ഞങ്ങള്‍ക്ക് ഒരു പിആര്‍ കമ്പനി ഇല്ല, ഞങ്ങള്‍ അതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സംസാരിക്കാറില്ല. ഉമറിന്റെ സ്ഥിതിവിവരക്കണക്കുകള്‍ നിലവിലെ പാകിസ്ഥാന്‍ ടീമിലെ 15 കളിക്കാരുമായി താരതമ്യം ചെയ്യുമായിരുന്നെങ്കില്‍, പാകിസ്ഥാന്‍ ക്രിക്കറ്റില്‍ നിങ്ങള്‍ നാശം കാണും.

വിരാട് കോഹ്ലിയെ കുറിച്ചും ലോക ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ആധിപത്യത്തെ കുറിച്ചും ആളുകള്‍ വിളിച്ചുപറയുന്നു. സ്ഥിതിവിവരക്കണക്കുകള്‍ ഞാന്‍ നിങ്ങള്‍ക്ക് അയച്ചുതരാം- കമ്രാന്‍ അക്മല്‍ പറഞ്ഞു.