ടി20 ലോകകപ്പ് 2024: ദയവായി പാകിസ്ഥാനെതിരായ ആദ്യ ഓവര്‍ അവനെ ഏല്‍പ്പിക്കരുത്; ടീം ഇന്ത്യയ്ക്ക് നിര്‍ദ്ദേശവുമായി ശ്രീശാന്ത്

2024ലെ ഐസിസി ടി20 ലോകകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെതിരായ മെഗാ പോരാട്ടത്തിന് മുന്നോടിയായി ടീം ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത്. പവര്‍പ്ലേയ്ക്കിടെ ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജയപ്പെട്ടാല്‍ ടീം ഇന്ത്യയ്ക്കത് പ്രശ്നമുണ്ടാകുമെന്ന് ടി20 ലോകകപ്പ് ജേതാവ് മുന്നറിയിപ്പ് നല്‍കി.

ആദ്യ ഓവറില്‍ത്തന്നെ ഇന്ത്യ ബുംറക്ക് ഓവര്‍ നല്‍കണമെന്നാണ് എന്റെ അഭിപ്രായം. ബാബറിനേയും റിസ്വാനേയും പുറത്താക്കാന്‍ ബുംറക്ക് സാധിക്കും. അര്‍ഷ്ദീപ് ആദ്യ ഓവര്‍ എറിഞ്ഞാല്‍ പ്രയാസപ്പെടാനാണ് സാധ്യത.

പാകിസ്ഥാന്റെ ദൗര്‍ബല്യം എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പാകിസ്ഥാന്‍ ആക്രമണത്തിലേക്ക് കടന്നാല്‍ പിടിച്ചുകെട്ടുക പ്രയാസമായിരിക്കും. ബോളര്‍മാരെയെല്ലാം തല്ലിപ്പറത്തും. അതുകൊണ്ടുതന്നെ പവര്‍പ്ലേയ്ക്കുള്ളില്‍ വിക്കറ്റ് നേടിയെടുക്കേണ്ടതായുണ്ട്.

പാകിസ്താനും ഇന്ത്യയും തമ്മിലുള്ള മത്സരം അതി ശക്തമായിരിക്കും. ആദ്യ ഓവറില്‍ ഇന്ത്യ വിക്കറ്റ് നേടുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്- ശ്രീശാന്ത് പറഞ്ഞു.

ജൂണ്‍ 9 ന് ന്യൂയോര്‍ക്കിലാണ് ഇന്ത്യ-പാക് പോരാട്ടം. ഈ വര്‍ഷം ഇരു ടീമുകളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിലാണ് അവര്‍ അവസാനമായി പരസ്പരം കളിച്ചത്. ഇന്ന് ലീഗ് ഘട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്തു.