ടി20 ലോകകപ്പ് 2024: രാജസ്ഥാന്‍ താരം റണ്‍വേട്ടക്കാരില്‍ ഒന്നാമനാകും, വിക്കറ്റ് വേട്ടയില്‍ ബുംറ ഒന്നാമനാകില്ല; വമ്പന്‍ പ്രവചനങ്ങളുമായി വിന്‍ഡീസ് ഇതിഹാസം

ജൂണില്‍ അമേരിക്കയും (യുഎസ്എ) വെസ്റ്റ് ഇന്‍ഡീസും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തുന്ന താരം ആരായിരിക്കുമെന്ന് പ്രവചിച്ച് വിന്‍ഡീസ് ഇതിഹാസം ഇയാന്‍ ബിഷപ്. ഇന്ത്യ, ഓസ്ട്രേലിയ, പാകിസ്ഥാന്‍ താരങ്ങളെ മറികടന്ന് ഇംഗ്ലണ്ട് നായകനും ഓപ്പണറുമായ ജോസ് ബട്ട്‌ലറെയാണ് ടോപ് സ്‌കോററാകുന്ന താരമായി ബിഷപ് തിരഞ്ഞെടുത്തിരിക്കുന്നത്.

‘തീര്‍ച്ചയായും ടോപ് ഓഡര്‍ ബാറ്റര്‍മാരിലൊരാളാവും റണ്‍വേട്ടക്കാരില്‍ ഒന്നാമനാവുക. അത് ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലറായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’ എന്നാണ് ബിഷപ് പറഞ്ഞത്.

2022ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കപ്പിലേക്കെത്തിച്ച നായകനാണ് ബട്ട്ലര്‍. അവസാന ടി20 ലോകകപ്പില്‍ ആറ് മത്സരത്തില്‍ നിന്ന് 225 റണ്‍സാണ് താരം നേടിയത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററും ബട്ട്‌ലറായിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറായ ബട്ട്ലര്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

ഇത്തവണത്തെ വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനേയും ബിഷപ് പ്രവചിച്ചു. അത് ജസ്പ്രീത് ബുംറയോ ഷഹീന്‍ ഷാ അഫ്രീദിയോ അല്ലെന്നും ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ആയിരിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രവചനം.

Read more