ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. പ്രധാനമായും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആര് വരണം എന്നതാണ് വിഷയം. ഋഷഭ് പന്ത്, കെ.എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങി നിരവധി പേരാണ് ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. റിഷഭല്ല, ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കേണ്ടത് മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സഞ്ജു ഇപ്പോള്‍ പഴയ സഞ്ജുവല്ല. ബാറ്ററെന്ന നിലയില്‍ അദ്ദേഹം കൂടുതല്‍ പക്വത നേടിക്കഴിഞ്ഞിരിക്കുകയാണ്. മാത്രമല്ല ബാറ്റിംഗില്‍ കൂടുതല്‍ സ്ഥിരതയും പുലര്‍ത്തുന്നുണ്ട്. ലോകകപ്പിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ മികച്ച ഫോമിലുള്ള സഞ്ജുവിനെ ഒരിക്കലും മിസ്സ് ചെയ്യാന്‍ പാടില്ല- മഞ്ജരേക്കര്‍ പറഞ്ഞു.
20 അംഗ സംഘത്തെയാണ് ഇന്ത്യ ലോകകപ്പിന് അയക്കുക. 15 അംഗ സ്‌ക്വാഡിനെയാണ് ടൂര്‍ണമെന്റിനു വേണ്ടി തിരഞ്ഞെടുക്കാന്‍ ഓരോ ടീമിനും അനുമതിയുള്ളത്. ഇവര്‍ക്കൊപ്പം അഞ്ചു പേരെ സ്റ്റാന്റ്‌ബൈ ആയും ഉള്‍പ്പെടുത്താം. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി മേയ് ഒന്നിന് ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.
രോഹിത് ശര്‍മയ്ക്കു കീഴില്‍ ശക്തമായ ടീമിനെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ അണിനിരക്കുക. ലോകകപ്പ് ടീമില്‍ പരീക്ഷണങ്ങളൊന്നും നടത്തില്ല. ഇന്ത്യക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ളവരും ഐപിഎല്ലില്‍ നന്നായി പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്നവരും ലോകകപ്പ് സ്‌ക്വാഡിലുണ്ടാവുമെന്നു ബിസിസിഐയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.