ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ചരിത്ര വിജയത്തിന് പിന്നാലെ പാക് പേസര്‍ ഹാരിസ് റൗഫ് പന്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ഉയര്‍ത്തി അമേരിക്കന്‍ ബോളര്‍ റസ്റ്റി തെറോണ്‍. പന്തില്‍ റിവേഴ്സ് സ്വിംഗ് ലഭിക്കാന്‍ ഹാരിസ് റൗഫ് കൈനഖം ഉപയോഗിച്ച് പന്തിന്റെ മുകള്‍ ഭാഗം ചുരണ്ടിയെന്നാണ് അമേരിക്കന്‍ റസ്റ്റി തെറോണ്‍ ആരോപിക്കുന്നത്.
എക്സിലൂടെയാണ് റസ്റ്റി തെറോണ്‍ ഇക്കാര്യം പങ്കുവെച്ചത്. ഐസിസിയെ ടാസ് ചെയ്താണ് താരത്തിന്റെ പോസ്റ്റ്. ഈ കൃത്രിമം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും താരം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് തെളിയിക്കുന്ന വീഡിയോ ഒന്നും പുറത്തുവന്നിട്ടില്ല.
ഹാരിസ് റൗഫ് പന്തില്‍ കൃത്രിമം കാണിച്ചതിന് തെളിവില്ലെങ്കിലും, ടീം യുഎസ്എ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പരാതിയൊന്നും നല്‍കിയിട്ടില്ലെങ്കിലും, റസ്റ്റി തെറോണിന്റെ ഈ ആരോപണം ടി20 ലോകകപ്പില്‍ വിവാദ തീ ആളിക്കത്തിച്ചേക്കുമെന്ന് തോന്നുന്നു.
ആവേശകരമായ മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു യുഎസ്എയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 7 വിക്കറ്റിന് 159 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അമേരിക്കയും 159 റണ്‍സെടുത്തു. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്കെത്തി.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 18 റണ്‍സെടുത്തപ്പോള്‍ മറുപടിയായ് പാകിസ്ഥാന് 13 റണ്‍സാണ് നേടാനായത്. ഇതോടെ അമേരിക്ക അഞ്ച് റണ്‍സിന്റെ അട്ടിമറി വിജയം നേടി.