ടി20 ലോകകപ്പ് 2024: 'അവര്‍ ഒരിക്കലും ജയിക്കാന്‍ അര്‍ഹരല്ല'; തുറന്നടിച്ച് അക്തര്‍

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ത്തന്നെ കുഞ്ഞന്മാരായ യുഎസ്എയോട് തോല്‍വി വഴങ്ങിയതിന്റെ ഞെട്ടലിലാണ് പാകിസ്ഥാന്‍. സൂപ്പര്‍ ഓവറിലായിരുന്നു യുഎസ്എയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 7 വിക്കറ്റിന് 159 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അമേരിക്കയും 159 റണ്‍സെടുത്തു. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്കെത്തി.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 18 റണ്‍സെടുത്തപ്പോള്‍ മറുപടിയായ് പാകിസ്ഥാന് 13 റണ്‍സാണ് നേടാനായത്. ഇതോടെ അമേരിക്ക അഞ്ച് റണ്‍സിന്റെ അട്ടിമറി വിജയം നേടി.

ആദ്യമായി ടി20 ലോകകപ്പ് കളിക്കുന്ന യുഎസ്എയ്ക്കെതിരായ പാകിസ്ഥാന്റെ തോല്‍വി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചു. മത്സരത്തിന്റെ ഞെട്ടിക്കുന്ന ഫലത്തോട് പ്രതികരിച്ചുകൊണ്ട് പാകിസ്ഥാന്‍ ഇതിഹാസ പേസര്‍ ഷൊയ്ബ് അക്തര്‍ ഒരു വീഡിയോ എക്‌സില്‍ പങ്കുവെച്ചു. അതില്‍ പാകി്‌സഥാന്‍ ടീമിനെ കടന്നാക്രമിച്ച അക്തര്‍ അവര്‍ ഒരിക്കലും വിജയിക്കാന്‍ അര്‍ഹരല്ലെന്ന് പറഞ്ഞു.

പാകിസ്ഥാന് നിരാശാജനകമായ തോല്‍വി. ഞങ്ങള്‍ക്ക് നല്ല തുടക്കമല്ല. 1999 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ചെയ്തത് പോലെ യു.എസ്.എയോട് തോറ്റ ഞങ്ങള്‍ ചരിത്രം ആവര്‍ത്തിച്ചു. നിര്‍ഭാഗ്യവശാല്‍, പാകിസ്ഥാന്‍ ഒരിക്കലും ജയിക്കാന്‍ അര്‍ഹരല്ല. കാരണം യുഎസ്എ മികച്ച പ്രടനമാണ് കാഴ്ചവെച്ചത്, അവര്‍ കമാന്‍ഡ് പൊസിഷനിലായിരുന്നു- അക്തര്‍ വീഡിയോയില്‍ പറഞ്ഞു.

Read more